CJP മാർച്ചിനിടെ യുവതിയുടെ മുഖത്തടിച്ച ദില്ലി പോലീസ് ഉദ്യോഗസ്ഥനെ ജന്തർ മന്തറിൽ ഡ്യൂട്ടിയിൽ നിന്ന് നീക്കി


ദില്ലി :- കോക്റോച്ച് ജനത പാർട്ടി (സിജെപി) പാർലമെന്റിലേക്ക് നടത്തിയ മാർച്ചിനിടെ പ്രതിഷേധത്തിൽ പങ്കെടുത്ത യുവതിയുടെ മുഖത്തടിച്ച ദില്ലി പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥനെ ജന്തർ മന്തറിലെ ഡ്യൂട്ടിയിൽ നിന്ന് നീക്കി. അഡീഷണൽ ഡിസിപി സന്ദീപ് ലാംബയെയാണ് ജന്തർ മന്തറിലെ ചുമതലകളിൽനിന്ന് നീക്കിയത്. ഉദ്യോഗസ്ഥനെതിരെ തൃണമൂൽ കോൺഗ്രസ് മുൻ എംപി സാകേത് ഗോഖലെ പാർലമെൻ്റ് സ്ട്രീറ്റ് പൊലീസ് എസ്എച്ച്ഒയ്ക്ക് പരാതി നൽകിയിട്ടുണ്ട്.

നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി ജന്തർ മന്തറിൽനിന്ന് പാർലമെൻ്റിലേക്ക് നടത്തിയ 'ചലോ സൻസദ്' മാർച്ചിനിടെയായിരുന്നു പ്രതിഷേധത്തിൽ പങ്കെടുത്ത യുവതിക്ക് പൊലീസ് ഉദ്യോഗസ്ഥനിൽനിന്ന് മർദനമേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് വിമർശനം ഉയർന്നിരുന്നു.

അഡീഷണൽ ഡിസിപി സന്ദീപ് ലാംബയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ . ചെയ്യണെമന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് സാകേത് ഗോഖലെ എക്സ‌സിലൂടെ അറിയിച്ചു. പൊലീസ് അതിക്രമത്തിനെതിരായ ഹർജികൾ ദില്ലി ഹൈക്കോടതി പരിഗണിക്കവെ, ഇതുവരെ ആരും എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യവുമായി പൊലീസിനെ സമീപിച്ചിട്ടില്ലെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്നാണ് താൻ പരാതി നൽകിയതെന്ന് സാകേത് ഗോഖലെ വ്യക്തമാക്കി. ബിഎൻഎസ് സെക്ഷൻ 74, 115, 131, 198 തുടങ്ങിയ വകുപ്പുകൾ ചുമത്തി ഉദ്യോഗസ്ഥനെതിരെ കേസെടുക്കണമെന്നാണ് സാകേത് ഗോഖലെയുടെ ആവശ്യം.

ജന്തർ മന്തറിൽ ബുധനാഴ്ച രാത്രിയും പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. സംഭവത്തിൽ എസിപിമാരടക്കം ആറ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി. പൊലീസിനുനേരെ പ്രതിഷേധക്കാർ കല്ലേറ് നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഘർഷത്തെ തുടർന്ന് മേഖലയിൽ ഇന്റർനെറ്റ് ജാമറുകളടക്കം എത്തിച്ചു.

Previous Post Next Post