തിരുവനന്തപുരം :- സർക്കാർ കോളേജുകളുടെ സമഗ്ര വികസനത്തിലൂടെ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്ര വികസനത്തിന് സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സർക്കാർ കോളേജുകളുടെ ഭൗതിക, മാനവവിഭവ, ഐ.ടി. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, പരിപാലനം, അക്കാദമിക മികവ് വർധിപ്പിക്കൽ, പഠന നിലവാരം മെച്ചപ്പെടുത്തൽ എന്നിവയ്ക്കായി 45,68,11,037 രൂപ അനുവദിച്ച് ഉത്തരവ് ഇറക്കിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ അറിയിച്ചു.
സംസ്ഥാനത്തെ സർക്കാർ കോളേജുകളിലെ വിവിധ വികസന പദ്ധതികൾക്കായാണ് ഈ തുക വിനിയോഗിക്കുന്നത്. പുതിയ കെട്ടിടങ്ങൾ, അക്കാദമിക ബ്ലോക്കുകൾ, ഭരണനിർവഹണ കേന്ദ്രങ്ങൾ, ഐ.ടി. സൗകര്യങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ എന്നിവ ഇതിലൂടെ യാഥാർഥ്യമാകും. എറണാകുളം പറവൂർ കേസരി ഗവൺമെൻ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പുതിയ ഭരണനിർവഹണ കേന്ദ്രത്തിന്റെ നിർമ്മാണത്തിനായി 13.48 കോടി അനുവദിച്ചിട്ടുണ്ട്.
മഹാരാജാസ് കോളേജിൽ ഹോസ്റ്റൽ, മെസ് കെട്ടിടങ്ങൾക്കായി 5.60 കോടിയും, കാര്യവട്ടം ഗവ: കോളേജിൽ ലൈബ്രറി, റിസർച്ച് ബ്ലോക്ക് എന്നിവയുടെ നിർമ്മാണത്തിനായി 4.81 കോടിയും, ഗവ: ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചേഴ്സ് എഡ്യൂക്കേഷൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 2.42 കോടിയും, കരുനാഗപ്പള്ളി ഗവ: ആർട്‌സ് & സയൻസ് കോളേജിന്റെ അക്കാദമിക് ബ്ലോക്ക്, ചുറ്റുമതിൽ നിർമ്മാണത്തിനായി 1.29 കോടി രൂപയും, വടകര മടപ്പള്ളി ഗവൺമെന്റ് കോളേജിൽ പുതിയ ആർട്സ് ബ്ലോക്കിനായി 1.34 കോടിയും, ഗവൺമെന്റ് കോളേജ് മൂന്നാറിൽ ചുറ്റുമതിൽ നിർമാണത്തിന് 1.98 കോടിയും കരുനാഗപ്പള്ളി ഗവണ്മെൻ്റ് കോളേജിന്റെ അക്കാദമിക് ബ്ലോക്ക് ചുറ്റുമതിൽ എന്നിവയുടെ നിർമ്മാണത്തിന് 1.29 കോടിയും കെകെടിഎം. ഗവൺമെന്റ് കോളേജിന് 1.27 കോടിയും എളേരിത്തട്ട് ഇ.കെ.എൻ.എം കോളേജിന് 99.68 ലക്ഷവും തോളന്നൂർ ഗവൺമെന്റ്റ് കോളേജിന് 98.35 ലക്ഷവും ഉൾപ്പടെയാണ് അനുവദിച്ചിരിക്കുന്നത്.
സർക്കാർ കോളേജുകളെ കൂടുതൽ ആകർശകവും വിദ്യാർഥിസൗഹൃദവുമായ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി റോജി.എം.ജോൺ പറഞ്ഞു. വിദ്യാർഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിനും ഗവേഷണ-നവീകരണ സാധ്യതകൾ വർധിപ്പിക്കുന്നതിനും അധ്യാപന-പഠന നിലവാരം ഉയർത്തുന്നതിനും ഈ പദ്ധതികൾ സഹായകമാകും.
പദ്ധതികളുടെ നിർവഹണത്തിൽ കാലതാമസം ഒഴിവാക്കി വേഗത്തിൽ തുടർനടപടികൾ പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കോളേജ് വിദ്യാഭ്യാസ ഡയറക്‌ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും, സർക്കാർ കോളേജുകളുടെ സമഗ്ര വികസനത്തിലൂടെ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും മന്ത്രി റോജി എം. ജോൺ കൂട്ടിചേർത്തു.
