കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഊർവരം അവാർഡ് ഐ.വി ലക്ഷ്മണന് ; കാർഷിക സെമിനാറും അവാർഡ് വിതരണവും നാളെ


മയ്യിൽ :- മുല്ലക്കൊടി കോ-ഓപ്പറേറ്റിവ് റൂറൽ ബാങ്ക് ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച നെൽകർഷകനുള്ള കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഉർവരം അവാർഡ് ചെറുതാഴം അതിയടത്തെ ഐ.വി ലക്ഷ്മണന്. പ്രശസ്തിപത്രവും തുകയും അടങ്ങുന്നതാണ് അവാർഡ്. നാളെ ആഗസ്ത് 16 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ചട്ടുകപ്പാറ ആരൂഢം ഓഡിറ്റോറിയത്തിൽ നടക്കുന്ന കർഷ സെമിനാറിൽ മുൻ എംഎൽഎ പി.ജയരാജൻ അവാർഡ് സമ്മാനിക്കും.

കണ്ണൂർ ജില്ലയിലെ ചെറുതാഴം ശ്രീസ്ഥ സ്വദേശിയായ ഐ വി ലക്ഷ്മണൻ വർഷങ്ങളായി നെൽകർഷകനാണ്. കൃഷിയിൽ പാരമ്പര്യ തുടർച്ചയും നവ മാതൃകകളും പ്രയോഗിച്ചു വരുന്ന ലക്ഷ്മണൻ സ്വന്തം സ്ഥലത്തും പാട്ടത്തിനുമായി ഏകദേശം 15 ഏക്കർ സ്ഥലത്തു നെൽകൃഷി ചെയ്യുന്നുണ്ട്. ഓരോ വർഷവും ഉൽപാദനം വർദ്ധിപ്പിക്കാൻ ആവശ്യമായ ശാസ്ത്രീയ പരിശോധനകളുടെ കൂടി അടിസ്ഥാനത്തിലാണ് കൃഷി ചെയ്യുന്നത്. 

ഓരോ വിളക്കാലത്തും വരവ് ചിലവ് കണക്കുകൾ, മണ്ണ് പരിശോധന വിവരങ്ങൾ ഉൾപ്പെടെയുള്ള ഫാം ഡയറി കൃത്യമായി സൂക്ഷിച്ചുവരുന്നു. കഴിഞ്ഞ വർഷം ഒരു ഏക്കറിൽ നിന്നും 2000 കിലോഗ്രാം നെല്ല് ഉൽപാദിപ്പിച്ചിരുന്നു. ഈ വർഷം 2400 കിലോഗ്രാം ആയി ഉയർത്തി. ഉൽപാദനച്ചിലവിന്റെ ഇരട്ടി വരുമാനം നേടുന്നതും 4.30 ലക്ഷം രൂപ ചെലവിട്ട നെൽകൃഷിയിൽ നിന്നും 9 ലക്ഷം രൂപ വരുമാനം നേടിയതുമായ മികച്ച കൃഷിരീതി പരിഗണിച്ചാണ് ലക്ഷ്മണനെ അവാർഡിന് അർഹാനാക്കിയത്. 

Previous Post Next Post