വീട്ടിൽ നിന്ന് റെയിൽപാളത്തിലേക്ക് കയറിയ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു ; കുട്ടി ട്രാക്കിലേക്ക് കയറുന്നത് കണ്ടെന്ന് ലോക്കോ പൈലറ്റിന്റെ മൊഴി


ആലപ്പുഴ :- വീടിനു സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞു കയറിയ ഒന്നര വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു. കാക്കാഴം പുതുവൽ വിനീതിൻ്റെ മകൻ ത്രിണവ് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 6 മണിയോടെയാണ് സംഭവം. കൊല്ലം ഭാഗത്തേക്കു പോയ മെമു ആണ് കുഞ്ഞിനെ തട്ടിയത്. വീട്ടുകാർ അറിയാതെ കുഞ്ഞ് ട്രാക്കിലേക്ക് പോവുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ച റിയിലേക്കു മാറ്റി.

സംഭവത്തിൽ മറ്റ് അസ്വാഭാവികതകൾ ഇല്ലെന്ന നിഗമനത്തിൽ പോലീസ്. ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കുട്ടി താഴെനിന്ന് റെയിൽവേ ട്രാക്കിലേക്ക് കയറുന്നത് കണ്ടെന്നാണ് ലോക്കോ പൈലറ്റിന്റെ മൊഴി. കുട്ടി കയറുന്നത് കണ്ട് ട്രെയിനിന്റെ വേഗത കുറയ്ക്കാൻ ലോക്കോ പൈലറ്റ് ശ്രമിച്ചിരുന്നതായി പോലീസ് പറയുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ സംശയിക്കത്തക്കതായ മറ്റ് സാഹചര്യങ്ങൾ നിലവിലില്ലെന്ന നിഗമനത്തിലാണ് അമ്പലപ്പുഴ പോലീസ്. കുട്ടി റെയിൽവേ ട്രാക്കിലേക്ക് കയറിയതിൽ നാട്ടുകാർ അസ്വാഭാവികത സംശയിച്ചിരുന്നു. എന്നാൽ ലോക്കോ പൈലറ്റിൻ്റെ മൊഴിയോടെ ദുരൂഹത നീങ്ങുകയാണ്.

Previous Post Next Post