ഓണാവധിക്ക് നാട്ടിലെത്തുന്നവരുടെ കീശകീറും ; വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി


കണ്ണൂർ :- ഓണാവധിക്ക് നാട്ടിലേക്കു യാത്ര ചെയ്യുന്ന പ്രവാസികൾക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്ക്. 3 മുതൽ 5 ഇരട്ടി വരെ ടിക്കറ്റ് നിരക്ക് ഉയർത്തി. ഇതോടെ അവധിക്കാലം കഴിഞ്ഞ് വിദേശത്തേക്ക് മടങ്ങുന്ന പ്രവാസികളുടെയും ഓണക്കാലത്ത് നാട്ടിലെത്തുന്നവരുടെയും കീശ കീറും. നാലംഗങ്ങളുള്ള കുടുംബത്തിന് നാട്ടിലെത്തി തിരിച്ചുപോകാൻ ലക്ഷക്കണക്കിന് രൂപ ചെലവാക്കണം. വിമാനയാത്രാനിരക്കിൽ വർഷംതോറും നടക്കുന്ന കൊള്ളയ്ക്കെതിരെ വലിയ പ്രതിഷേധം ഉയരുമ്പോഴും നിരക്ക് വർധന കുറയുന്നില്ല. മറ്റു വിമാനത്താവളങ്ങളിൽ ഉള്ളതിനേക്കാൾ സർവീസുകൾ കുറവായതിനാലാണു കണ്ണൂർ വിമാനത്താവളത്തിൽ ടിക്കറ്റ് നിരക്ക് കൂടുന്നത്.

ഗൾഫിൽ വേനലവധി കഴിഞ്ഞ് സ്‌കൂളുകൾ തുറക്കുന്ന സമയമായതിനാൽ ഓഗസ്‌റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഒട്ടേറെപ്പേരാണ് നാട്ടിൽ വന്നു തിരിച്ചുപോകുന്നത്. ഇത് മൂൻകൂട്ടിക്കണ്ട് വിമാനക്കമ്പനികൾ ഓൺലൈനിൽ നിരക്ക് ഉയർത്തിവയ്ക്കുകയാണ്. പെട്ടെന്ന് യാത്രയ്ക്ക് ഒരുങ്ങുന്നവർക്ക് മൂന്നും നാലും ഇരട്ടി തുക നൽകേണ്ടിവരും. വിമാന ഇന്ധന വിലവർധനയുടെ പേരിൽ ടിക്കറ്റുകൾക്ക് സർചാർജ് ഏർപ്പെടുത്തിയതിന് പുറമേയാണ് ഈ വർധന.

കഴിഞ്ഞ വർഷം ഓണ സീസണിൽ 30,000 രൂപ മുതൽ 35,000 രൂപ വരെയാണ് ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്ക് ഉയർന്നത്. ഇത്തവണ ഇത് 35,000 മുതൽ 45,000 രൂപ വരെയായി. ഓഗസ്‌റ്റ് 15 മുതൽ സെപ്റ്റംബർ 15 വരെ യുള്ള സമയത്ത് മിക്ക ഗൾഫ് രാജ്യങ്ങളിലേക്കും 40,000 രൂപ യ്ക്കു മുകളിലാണ് നിരക്ക്. ഈ മാസം 22ന് കണ്ണൂരിൽ നിന്ന്  അബുദാബിയിലേക്ക് 51,827 രൂപയാണ് നിരക്ക്. 20,000 രൂപ മുതൽ 26,000 രൂപ വരെ നിരക്ക് വരുന്ന മസ്‌കത്തിലേക്ക് മാത്രമാണു ടിക്കറ്റ് ചാർജ് താരതമ്യേന കുറവുള്ളത്. ഈ ദിവസങ്ങളിൽ തിരിച്ച് നാട്ടിലേക്ക് 20,000 രൂപ മുതൽ 25,000 രൂപ വരെയാണ് ഈടാക്കുന്നത്.

Previous Post Next Post