76 ന്റെ നിറവിൽ പ്രധാനമന്ത്രി ; നരേന്ദ്രമോദിക്ക് ഇന്ന് പിറന്നാൾ


ദില്ലി :- 76 ന്റെ നിറവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ഏറ്റവും ജനപ്രിയ നേതാവായി തുടരുന്ന മോദി പാർട്ടിയിലെയും സർക്കാരിലെയും ആധിപത്യം നിലനിർത്തുകയാണ് ഇന്നും. യുവാക്കളുടെ സമരത്തിന് പിന്നാലെ മാറിമറിഞ്ഞ ദേശീയ രാഷ്ട്രീയമാണ് അധികാരത്തിൽ 25 വർഷം പൂർത്തിയാക്കുന്ന മോദിക്ക് മുന്നിലുള്ള വെല്ലുവിളി. മോദിയുടെ ജന്മദിനത്തിൽ വീടുകളിൽ ദീപം തെളിയിക്കാനാണ് ബിജെപി അഭ്യർത്ഥന.

ഗുജറാത്ത് മെഹ്സാന ജില്ലയിലെ വട്നഗറിൽ 1950 സെപ്റ്റംബർ 17ന് തുടങ്ങിയ നരേന്ദ്ര ദാമോദർ ദാസ് മോദിയുടെ ജീവിതം ഓരോ വർഷം പിന്നിടുമ്പോഴും ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലും നിർണായക ഏടുകൾ എഴുതിചേർക്കുകയാണ്. പതിനേഴാം വയസിൽ ആർഎസ്‌എസിലൂടെ തുടങ്ങിയ പൊതുപ്രവർത്തനമാണ്. 1987ൽ മുപ്പത്തിയേഴാം വയസിൽ ഗുജറാത്ത് ബിജെപി ജനറൽ സെക്രട്ടറിയായി. 2001ൽ മുഖ്യമന്ത്രിയായി. ഗുജറാത്ത് കലാപത്തിനു ശേഷമുള്ള വിവാദങ്ങളും നിയമനടപടികളും നേരിട്ട് 2014 12 മുതൽ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലുമെത്തി. ഇന്ന് ലോകത്തെ കരുത്തരായ നേതാക്കളിൽ ഒരാളായി മോദി മാറി കഴിഞ്ഞു. സംഘപരിവാർ സ്വ‌പ്നം കണ്ട പല ലക്ഷ്യങ്ങളും മോദി ഭരണത്തിലാണ് യാഥാർത്ഥ്യമായത്. അയോധ്യ രാമക്ഷേത്രം, ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, വഖഫ് നിയമ ഭേദഗതി എന്നിവ നടപ്പിലാക്കി. ഏകീകൃത സിവിൽകോഡ് സംസ്ഥാനങ്ങളിൽ നടപ്പാക്കാൻ നടപടിയും തുടങ്ങി.

റിട്ടയർമെന്റ് ചർച്ചകൾ മറികടന്ന് നരേന്ദ്രമോദി പാർട്ടിയിലും സർക്കാറിലും സമ്പൂർണ ആധിപത്യം നേടുന്നതാണ് കഴിഞ്ഞ ഒരു വർഷം ദേശീയ രാഷ്ട്രീയം കണ്ടത്. ലോകസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയോടെ മോദി യുഗം അവസാനിച്ചെന്ന പ്രവചനങ്ങൾ തുടർച്ചയായ നിയമസഭാ തെരഞ്ഞെടുപ്പ് വിജയങ്ങളിലൂടെ മോദി അസ്ഥാനത്താക്കി. ഈ വർഷം പശ്ചിമ ബംഗാളിലും ഒറ്റയ്ക്ക് നയിച്ച് നേടിയ ഉജ്ജ്വല വിജയത്തിലൂടെ മോദി വീണ്ടും കരുത്തുകാട്ടി. പാർട്ടിയിലും സർക്കാറിലും സർവ്വാധിപത്യം ഉറപ്പിച്ചു. പിന്നാലെ കടുത്ത മോദി വിമർശകരായ പ്രതിപക്ഷ നേതാക്കൾപോലും ഒറ്റരാത്രികൊണ്ട് എൻഡിഎ പാളയത്തിലേക്ക് ചാടുന്ന നാടകങ്ങൾക്കും ഇന്ത്യൻ ജനാധിപത്യം സാക്ഷിയായി. എന്നാൽ കേവലം ഒരുമാസം കൊണ്ട് യുവാക്കളുടെ തിളച്ചുമറിഞ്ഞ രോഷം ദേശീയ രാഷ്ട്രീയം മാറ്റിമറിച്ചു. ബ്രിക്സ് ഉച്ചകോടിയിലടക്കം മോദിയുടെ നേതൃത്ത്വത്തെ ലോകനേതാക്കൾ പുകഴ്ത്തുമ്പോഴും ജന്തർ മന്തർ സമരത്തിന്റെ അലയൊലികൾ രാജ്യമെമ്പാടും അടങ്ങിയിട്ടില്ല. ഉത്തർ പ്രദേശും സ്വന്തം ഗുജറാത്തും അടക്കം 7 സംസ്ഥാനങ്ങളിൽ അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മോദി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഈ യുവരോഷം മറികടക്കുക എന്നത് തന്നെയാണ്. 

ജന്മദിനാഘോഷങ്ങളോടൊപ്പം മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും തുടർച്ചയായി 25 വർഷം മോദി പൂർത്തിയാകുന്നതും ബിജെപി ഒരു മാസം നീളുന്ന പരിപാടികളോടെ ആഘോഷിക്കുകയാണ്. ഇന്ന് രാജ്യമെമ്പാടും വൈകീട്ട് 6 മണിമുതൽ ദീപങ്ങൾ തെളിക്കാൻ ബിജെപി ആഹ്വാനം ചെയ്‌തിട്ടുണ്ട്. എൻഡിഎ നേതാക്കളെല്ലാം ഇന്ന് മോദിക്കൊപ്പം വാരാണസിയിലെ പരിപാടിയിൽ പങ്കെടുക്കും. വഴങ്ങേണ്ടിടത്ത് വഴങ്ങിയും വേണ്ടിടത്ത് കരുത്തുകാട്ടിയും തന്ത്രങ്ങൾ പയറ്റുന്നതാണ് മോദി ശൈലി. ആ മോദിക്ക് ജെൻസികൾ ഉയർത്തിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകി കളം തിരിച്ചുപിടിക്കാനാകുമോ എന്നതാണ് ചോദ്യം. 2029 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് മോദിക്ക് പകരം വയ്ക്കാൻ ആരെന്ന് ഇപ്പോഴും ബിജെപിയിൽ ചർച്ചകൾ ഉയർന്നിട്ടില്ല.

Previous Post Next Post