ദാറുൽ ഹുദാ അക്രഡിറ്റേഷനിൽ എ പ്ലസ് പ്ലസ് കരസ്ഥമാക്കി കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജ്


കണ്ണാടിപ്പറമ്പ് :- ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള അഫിലിയേറ്റഡ് സ്ഥാപനങ്ങളിൽ നടത്തിയ സമഗ്ര ഗുണനിലവാര പരിശോധനയിൽ (Quality Accreditation) കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജ് എ പ്ലസ് പ്ലസ് നേടി. മുപ്പതിലധികം സ്ഥാപനങ്ങൾക്കിടയിൽ നടന്ന അക്കാദമിക-പശ്ചാത്തല സൗകര്യ മൂല്യനിർണയത്തിലാണ് ദാറുൽ ഹസനാത്ത് ഈ നേട്ടം കൈവരിച്ചത്.​ദാറുൽ ഹുദാ ഇതുവരെ നടത്തിയ രണ്ട് ഗുണനിലവാര അക്രഡിറ്റേഷൻ പരിശോധനകളിലും തുടർച്ചയായി ഏറ്റവും ഉയർന്ന സ്ഥാനം നേടാൻ കഴിഞ്ഞത് ദാറുൽ ഹസനാത്തിന്റെ മേന്മയായി വിലയിരുത്തപ്പെടുന്നു.

ക്യാമ്പസുകളിലെ അക്കാദമിക മികവ്, ക്ലാസ് റൂം പഠന നിലവാരം, പരീക്ഷാ ഫലങ്ങൾ, റിസർച്ച് & പബ്ലിക്കേഷൻ പ്രവർത്തനങ്ങൾ എന്നിവയാണ് പ്രധാനമായും മൂല്യനിർണയം ചെയ്തത്.​ ആധുനിക ലൈബ്രറി, ഡിജിറ്റൽ സംവിധാനങ്ങൾ, സയൻസ്-ഐ.ടി ലാബുകൾ, മികച്ച ക്യാമ്പസ് അന്തരീക്ഷം തുടങ്ങിയ പശ്ചാത്തല സൗകര്യങ്ങളും അക്കാദമികേതര മേഖലകളിൽ വിദ്യാർത്ഥികളുടെ സർഗ്ഗാത്മകവും കായികവുമായ കഴിവുകൾ വളർത്തുന്നതിനായി ലഭ്യമാക്കിയ സൗകര്യങ്ങളും വിധിനിർണ്ണയത്തിൽ നിർണായകമായി. 

വിദ്യാർത്ഥികളുടെ ഹോസ്റ്റൽ-ഭക്ഷണ സൗകര്യങ്ങളും സ്ഥാപന മാനേജ്‌മെന്റിന്റെയും അധ്യാപകരുടെയും നേതൃപാടവവും, വിദ്യാർത്ഥികൾക്ക് നൽകുന്ന മികച്ച സൗകര്യങ്ങളും കൂട്ടായ പ്രവർത്തനങ്ങളുമാണ് തുടർച്ചയായ രണ്ടാം തവണയും പ്രഥമ സ്ഥാനം നിലനിർത്താൻ സഹായിച്ചതെന്ന് കോളേജ് അധികൃതർ പറഞ്ഞു. ഉയർന്ന വിജയം നേടിയ കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് മാനേജ്‌മെന്റിനെയും അധ്യാപകരെയും വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ദാറുൽ ഹുദാ ഭാരവാഹികൾ അഭിനന്ദിച്ചു.

Previous Post Next Post