കുറ്റ്യാട്ടൂർ:- പെരുമ്പുള്ളിക്കരി നവോദയ പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയത്തിന് നേരെ വീണ്ടും അതിക്രമം. ശനിയാഴ്ച രാത്രി ഒൻപതിനും പത്തിനും ഇടയിൽ പ്രദേശത്ത് വൈദ്യുതി നിലച്ച സമയത്താണ് സംഭവം. വായനശാലയുടെ പ്രവൃത്തികൾ നടക്കുമ്പോൾ തൊട്ടടുത്ത പീടിക വരാന്തയിൽ സൂക്ഷിച്ചിരുന്ന പഴയ ഷെൽഫ്, പ്ലാസ്റ്റിക് കസേരകൾ തുടങ്ങിയ സാമഗ്രികളാണ് അക്രമികൾ റോഡിലേക്ക് വലിച്ചെറിഞ്ഞത്.
ഒരുമാസം മുമ്പും വായനശാലയ്ക്ക് നേരെ സമാനമായ അതിക്രമം നടന്നിരുന്നു. അന്ന് വായനശാലയിലെ മേശപ്പുറത്ത് സൂക്ഷിച്ചിരുന്ന പത്ര മാസികകൾ മഴയത്തേക്ക് വലിച്ചെറിഞ്ഞ് നശിപ്പിക്കുകയായിരുന്നു. വായനശാലയ്ക്ക് നേരെ നിരന്തരമായി പ്രവർത്തിക്കുന്നതും രാത്രികാലങ്ങളിൽ ശാസ്ത്രി പീടിക കേന്ദ്രീകരിച്ച് തമ്പടിക്കുന്നതുമായ സംഘമാണ് ഈ അതിക്രമത്തിന് പിന്നിലെന്ന് വായനശാല കമ്മിറ്റി പ്രസിഡന്റ് മയ്യിൽ പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കി.
ഇത്തരം അക്രമങ്ങളിൽ വായനശാല കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കുറ്റക്കാരെ അടിയന്തരമായി കണ്ടെത്തി കർശന നിയമ നടപടി സ്വീകരിക്കണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
