വന്യജീവി ആക്രമണം ; നഷ്ടപരിഹാരം വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം :- വന്യജീവി ആക്രമണം മൂലമുള്ള മരണം, പരുക്ക്, കൃഷിനാശം എന്നിവയ്ക്കുള്ള നഷ്ടപരിഹാരം വർധിപ്പിക്കുമെന്നു മുഖ്യമന്ത്രി വി.ഡി സതീശൻ. മന്ത്രിമാരുടെയും വനാതിർത്തി മണ്ഡലങ്ങളിലെ എം.എൽ.എമാരുടെയും എംപിമാരുടെയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വനം ഉദ്യോഗസ്ഥരും കൃഷിക്കാരും തമ്മിൽ സൗഹൃദാന്തരീക്ഷം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനും വന്യജീവികളുടെ എണ്ണം നിയന്ത്രിക്കാനുമുള്ള അധികാരം സംസ്ഥാനത്തിന് ലഭിക്കാൻ കേന്ദ്രസർക്കാരിനെ സമീപിക്കും. 

ഉൾക്കൊള്ളാൻ കഴിയുന്നതിലും അധികം കടുവകൾ ഉള്ള വയനാട് ഉൾപ്പെടെയുള്ള മേഖലയിൽ നിന്ന് ഏതാനും എണ്ണത്തെ മറ്റ് ടൈഗർ റിസർവുകളിലേക്ക് മാറ്റുന്നത് കേന്ദ്രവുമായി ചർച്ച ചെയ്യും. മനുഷ്യ - വന്യജീവി സംഘർഷം പരിഹരിക്കാനായി കേരളത്തെ 14 മേഖലകളായി തിരിച്ച് മാസ്‌റ്റർ പ്ലാൻ തയാറാക്കിയതായി അധ്യക്ഷത വഹിച്ച മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. വന്യജീവി ആക്രമണങ്ങളിൽ മികച്ച നഷ്ടപരിഹാരവും ചികിത്സാ സഹായവും ഉറപ്പാക്കാൻ ട്രൈബ്യൂണൽ സംവിധാനം വേണമെന്ന് മന്ത്രി സണ്ണി ജോസഫ് നിർദേശിച്ചു.

Previous Post Next Post