സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം; നിശ്ചയിച്ചതിലും ഇരട്ടിയിലേറെ പട്ടയങ്ങള്‍ വിതരണം ചെയ്യാനായി: മന്ത്രി എ പി അനില്‍കുമാര്‍


കണ്ണൂർ:-സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മപരിപാടിയുടെ ഭാഗമായി നിശ്ചയിച്ചതിലും ഇരട്ടിയിലേറെ പട്ടയങ്ങള്‍ സംസ്ഥാനത്ത് വിതരണത്തിന് തയ്യാറാക്കാന്‍ കഴിഞ്ഞതായി റവന്യൂ മന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു. ജില്ലാതല പട്ടയ മേള കണ്ണൂര്‍ ധനലക്ഷ്മി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്താകെ അയ്യായിരം പേര്‍ക്ക് പട്ടയം നല്‍കണമെന്നായിരുന്നു തുടക്കത്തിലെ ധാരണ. എന്നാല്‍ ഇത് വരെ പതിനായിരത്തിലേറെ പട്ടയങ്ങള്‍ വിതരണത്തിന് സജ്ജമാക്കാനായി. ദശാബ്ദങ്ങളായി പട്ടയത്തിന് കാത്തിരിക്കുന്ന നിരവധി കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഇതിലൂടെ തുണയായത്. നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് മുപ്പത്തി അയ്യായിരത്തിലേറെ ഭൂമി തരം അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കാനായെന്നും മന്ത്രി പറഞ്ഞു. ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നീട്ടി കൊണ്ടുപോവുന്നത് ഭൂഷണമല്ല എന്ന തിരിച്ചറിവാണ് പട്ടയങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിനെ പ്രാപ്തമാക്കിയത്. 

ജനങ്ങളോടൊപ്പം നില്‍ക്കുന്ന സര്‍ക്കാരാണിത്. സര്‍ക്കാര്‍ ഓഫീസുകള്‍ ജന സൗഹൃദമാവണമെന്നതാണ് സംസ്ഥാന സര്‍ക്കാറിന്റെ നിലപാട്. ജനങ്ങളുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ശക്തമായി ഇടപെടും. മലയോര - തീരദേശ മേഖലയിലെ മനുഷ്യര്‍ക്ക് പട്ടയം നല്‍കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും. ജനങ്ങളെ ആത്മവിശ്വാസമുള്ളവരാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം- മന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു.

അഡ്വ. ടി ഒ മോഹനന്‍ എം എ എ അധ്യക്ഷത വഹിച്ചു. കണ്ണൂരില്‍ പല സര്‍ക്കാര്‍ ഓഫീസുകളും വാടക കെട്ടിടങ്ങളിലാണെന്നും പ്രശ്ന പരിഹാരത്തിനായി പുതിയ അഡീഷണല്‍ സിവില്‍ സ്റ്റേഷന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്ന സര്‍ക്കാരല്ല ഇത്. തിരഞ്ഞെടുപ്പ് വേളയില്‍ പറഞ്ഞ കാര്യങ്ങള്‍ വളരെ വേഗത്തില്‍ സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ പി ഇന്ദിര, എംഎല്‍എമാരായ ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍, പി കെ പ്രവീണ്‍, അഡ്വ. സജീവ് ജോസഫ്, കെ വി സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യന്‍, ജില്ലാ കലക്ടര്‍ പി വിഷ്ണു രാജ്, അസി കലക്ടര്‍ എസ് സ്വാതി, എഡിഎം കെ ബാലഗോപാലന്‍, 

എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ വി ഇ ഷേര്‍ളി, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. വിവിധ വിഭാഗങ്ങളിലായി 1845 പട്ടയങ്ങളാണ് ജില്ലാതല പട്ടയമേളയില്‍ വിതരണം ചെയ്തത്


പട്ടയംകിട്ടി; ശ്രീജയന് ഇനി നഷ്ടപരിഹാരം വാങ്ങാം

മാക്കൂട്ടം റെയില്‍വേ ഓവര്‍ബ്രിഡ്ജിനായി വിട്ടുനല്‍കിയ തന്റെ നാലുസെന്റ് ഭൂമിക്കുള്ള നഷ്ടപരിഹാരത്തുക ലഭിക്കാന്‍ വഴിയൊരുങ്ങിയതിന്റെ സന്തോഷത്തിലാണ് മാക്കൂട്ടം പുന്നോല്‍ സ്വദേശി ശ്രീജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായി കണ്ണൂരില്‍ നടന്ന ജില്ലാതല പട്ടയമേളയില്‍ തന്റെ ഭൂമിക്ക് പട്ടയം ലഭിച്ചതോടെയാണിത്. 


2023ലായിരുന്നു കോടിയേരി വില്ലേജിലെ മാക്കൂട്ടം പുന്നോല്‍ പാറക്കണ്ടി ശ്രീജയന്റെ ഭൂമി റെയില്‍വേ മേല്‍പ്പാലത്തിനായി വിട്ടുനല്‍കിയത്. രേഖകളെല്ലാം താലൂക്ക് ഓഫീസില്‍ സമര്‍പ്പിച്ചെങ്കിലും തനിക്കു മാത്രം നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് അദ്ദേഹം പറയുന്നു. ആധാരത്തിലെ പ്രശ്‌നങ്ങളായിരുന്നു കാരണം. പട്ടയം ഉണ്ടെങ്കില്‍ മാത്രമേ നഷ്ടപരിഹാരം ലഭിക്കൂ എന്ന് അധികൃതര്‍ പറഞ്ഞതനുസരിച്ചാണ് കൂത്തുപറമ്പ് ലാന്‍ഡ് ട്രിബ്യൂണലില്‍ അപേക്ഷ നല്‍കിയത്. നാലു മാസമാവുമ്പോഴേക്ക് പട്ടയം കിട്ടിയതിന്റെ സന്തോഷത്തിലാണിപ്പോള്‍ ശ്രീജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ 100ദിന കര്‍മപദ്ധതിയുടെ ഭാഗമായാണ് തനിക്ക് ഇത്ര വേഗം പട്ടയം ലഭിച്ചത്. ഇനി പട്ടയം കോടതിയില്‍ സമര്‍പ്പിച്ച് നഷ്ടപരിഹാരം നേടിയെടുക്കുന്നതിനുള്ള നടപടികള്‍ തുടങ്ങണം- ശ്രീജയന്‍ പറഞ്ഞു.

മൂന്നുവര്‍ഷം മുമ്പ് വലതുകാലില്‍ രക്തയോട്ടം നിലച്ചതു കാരണം നടക്കാന്‍ പ്രയാസമുള്ള ശ്രീജയന്‍ വീല്‍ചെയറിലായിരുന്നു പട്ടയമേളയിലെത്തിയത്. റവന്യൂ മന്ത്രി എ പി അനില്‍കുമാറില്‍ നിന്ന് നേരിട്ട് പട്ടയം സ്വീകരിക്കാനായതിന്റെ സന്തോഷവും ശ്രീജയന്‍ മറച്ചുവച്ചില്ല.



Previous Post Next Post