പാനൂർ: -കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് അറിയാതെ ട്രെയിൻ മാറി കയറിയ പാനൂർ സ്വദേശിയായ നാലുവയസ്സുകാരന് ടി.ടി.ഇ.യുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷ. പാനൂർ സ്വദേശികളായ സിറാജുദ്ദീൻ - ഷമീന ദമ്പതികളുടെ മകനാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:40-ഓടെ ട്രെയിൻ മാറി കയറി ഒറ്റപ്പെട്ടത്.
തലശ്ശേരിയിലേക്ക് വരാനായി പ്ലാറ്റ്‌ഫോമിൽ നിൽക്കുന്നതിനിടെ, ഐസ്‌ക്രീമിന്റെ കവർ കളയാൻ രക്ഷിതാവ് അല്പം മാറിനിന്ന സമയത്താണ് കുട്ടി പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ടിരുന്ന ജനശതാബ്ദി എക്‌സ്പ്രസിൽ കയറിയത്. ഉടൻ തന്നെ ട്രെയിൻ മുന്നോട്ട് എടുക്കുകയും ചെയ്തു. കുട്ടിയെ പെട്ടെന്ന് കാണാതായതോടെ മാതാപിതാക്കൾ പ്ലാറ്റ്‌ഫോമിൽ എങ്ങും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന്, ജനശതാബ്ദി എക്‌സ്പ്രസിലെ ഡി-8 കോച്ചിന്റെ വാതിലിനടുത്ത് തനിച്ച് വിഷമിച്ചു നിന്ന കുട്ടിയെ ടി.ടി.ഇ. എൻ.എം. പ്രതീഷിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. സംശയം തോന്നിയ അദ്ദേഹം കുട്ടിയോട് കാര്യങ്ങൾ തിരക്കുകയും, ഉടൻ തന്നെ വിവരം റെയിൽവേ കൺട്രോൾ റൂമിൽ അറിയിക്കുകയും ചെയ്തു. കൺട്രോൾ റൂമിൽ നിന്നുള്ള അറിയിപ്പ് പ്രകാരം കുട്ടി സുരക്ഷിതനാണെന്ന വിവരം കോഴിക്കോട് സ്റ്റേഷനിൽ അനൗൺസ് ചെയ്യുകയും മാതാപിതാക്കളുടെ ആശങ്കയകറ്റുകയും ചെയ്തു. ടി.ടി.ഇയുടെ ജാഗ്രതയോടെയുള്ള ഇടപെടൽ വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്.
