ചെറുപഴശ്ശിയിൽ പന്നിക്കൂട്ടത്തിന്റെ വിളയാട്ടം; മൂന്നേക്കറോളം നെൽക്കൃഷി നശിപ്പിച്ചു

  


മയ്യിൽ: നൂറുമേനി വിളഞ്ഞ പാടം കൊയ്യാനൊരുങ്ങിയ കർഷകരെ കണ്ണീർ കുടിപ്പിച്ച് പന്നിക്കൂട്ടത്തിന്റെ വിളയാട്ടം. മയ്യിൽ പഞ്ചായത്തിലെ ചെറുപഴശ്ശി പാടശേഖരത്തിലെ മൂന്നേക്കർ വിളഞ്ഞുപാകമായ നെൽക്കതിരുകളാണ് പന്നികൾ ചവിട്ടിമെതിച്ച് വെള്ളത്തിനടിയിലാക്കിയത്. കൊയ്ത്തിനായി യന്ത്രം വരുത്താനുള്ള ആലോചനകൾ നടക്കുന്നതിനിടയിലാണ് രണ്ട് ദിവസങ്ങളിലായി പന്നികൾ കൂട്ടത്തോടെ പാടത്തിറങ്ങി കൃഷി നശിപ്പിച്ചത്.

ഒന്നാം വിള നെൽകൃഷിക്കായി മയ്യിൽ കൃഷി ഭവന്റെ സഹകരണത്തോടെ അത്യുൽപാദന ശേഷിയുള്ള 'പൗർണമി' വിത്താണ് ഇവിടെ വിതച്ചിരുന്നത്. ഒരേക്കർ കൃഷിയിറക്കാൻ 35,000 രൂപയിലധികം ചെലവായതായാണ് കർഷകർ പറയുന്നത്. ഇക്കുറി വനിതാ കർഷകരാണ് ഇവിടെ കൂടുതലായി വിളയിറക്കി പരിപാലിച്ചിരുന്നത്. കർഷകരായ എ. രജനി, എം. ദേവയാനി, പി. അജിത, സി.കെ. ശാന്തകുമാരി, എ. സുശീല, എ. ചന്ദ്രമതി, കെ. നളിനി, കെ.പി. ബാലകൃഷ്ണൻ, റിട്ട. അധ്യാപകൻ പി.വി. മുകുന്ദൻ എന്നിവരുടെ കൃഷിയാണ് നശിച്ചത്. എ.പി. മുകുന്ദൻ സെക്രട്ടറിയും സി.കെ. ശ്രീനിവാസൻ പ്രസിഡന്റുമായ സമിതിയാണ് പാടശേഖരത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

പാടശേഖരത്തിൽ കാട്ടുപന്നികൾ കയറാതിരിക്കാൻ സൗരോർജ വേലി സ്ഥാപിക്കണമെന്നും, വിള ഇൻഷൂറൻസിലൂടെ അടിയന്തര നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും കർഷകരായ എ. രജനി, പി. കുഞ്ഞിക്കൃഷ്ണൻ, കെ.പി. മുകുന്ദൻ തുടങ്ങിയവർ ആവശ്യപ്പെട്ടു. ചെറുപഴശ്ശി പാടശേഖരത്തിലെ പന്നിശല്യത്തെ ചെറുക്കാൻ 15 അംഗ അംഗീകൃത എംപാനൽ ഷൂട്ടർമാരെ അടിയന്തരമായി നിയോഗിക്കുമെന്ന് മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ് കുമാർ അറിയിച്ചു.

Previous Post Next Post