കരിപ്പൂർ :- ഹജ് കമ്മിറ്റി മുഖേന രാജ്യത്തെ ഹജ് തീർഥാടകരെ കൊണ്ടുപോകുന്നതിനുള്ള വിമാനക്കമ്പനികളെ നിശ്ചയിച്ചു. കേരളത്തിൽ 3 വിമാനത്താവളങ്ങൾ ഉൾപ്പെടെ രാജ്യത്തെ 19 വിമാനത്താവളങ്ങൾ വഴി 1.23 ലക്ഷം തീർഥാടകരുടെ യാത്രയ്ക്കുള്ള വിമാനക്കമ്പനികളെയാണു ഹജ് ടെൻഡർ അനുസരിച്ച് തീരുമാനിച്ചത്.
കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിൽ നിന്ന് തീർഥാടകരെ കൊണ്ടുപോകുന്നതിനുള്ള ടെൻഡർ എയർ ഇന്ത്യ എക്സ്പ്രസിനാണ് ലഭിച്ചത്. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഫ്ലൈ അദീൽ വിമാനക്കമ്പനിക്കും. തീർഥാടകരെ സൗദിയിലേക്കും തിരിച്ചും കൊണ്ടുപോകുന്നതിനാണു കരാർ. ഇക്കഴിഞ്ഞ ഹജ് തീർഥാടനത്തിന് ആകാശ എയർ (കോഴിക്കോട്), ഫ്ലൈ നാസ് (കൊച്ചി), ഫ്ലൈ അദീൽ (കണ്ണൂർ) എന്നിവയായിരുന്നു സർവീസ് നടത്തിയിരുന്നത്.
