പയ്യാമ്പലം ശ്മശാനത്തിൽ ചിതയൊരുക്കിയ കളം മാറി കർമം ചെയ്‌തു ; ശ്മശാനം ജീവനക്കാരന് മരിച്ചയാളുടെ ബന്ധുക്കളുടെ മർദ്ദനം, കേസെടുത്ത് പോലീസ്



കണ്ണൂർ :- പയ്യാമ്പലം പൊതുശ്‌മശാനത്തിൽ ചിതയൊരുക്കിയ കളം മാറി കർമം ചെയ്‌തു. ചിതക്ക് നമ്പർ നൽകിയതിലെ പിഴവെന്നാരോപിച്ചു പൊതുശ്മശാനത്തിലെ ജീവനക്കാരനെ ബന്ധുക്കൾ മർദിച്ചതായി പരാതി. സംഭവത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. ചിതയുടെ നമ്പർ മാറിയതിനാൽ മരിച്ച മറ്റൊരാളുടെ ബന്ധുക്കൾ കർമം ചെയ്യുകയായിരുന്നു. കണ്ണൂർ കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർക്ക് സംഭവിച്ച പിഴവാണ് നമ്പർ മാറിയതിനെ പിന്നിലെന്നാണ് പൊതുശ്മശാനത്തിലെ ജീവനക്കാർ പറയുന്നത്. എന്നാൽ ശ്‌മശാനത്തിലെ ജീവനക്കാർക്കാണ് പിഴവ് പറ്റിയതെന്ന് ഹെൽത്ത് ഇൻസ്പെ‌ക്‌ടറും പ്രതികരിച്ചു.

തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. പയ്യാമ്പലം ശാന്തിതീരം ശ്മശാനത്തിലെ ഓഫീസിനുള്ളിൽ അതിക്രമിച്ചു കയറിയാണ് ജീവനക്കാരനായ ചാലാട് സ്വദേശി രഞ്ജനെ(51) അഞ്ച് പേർ ചേർന്ന് മർദിച്ചത്. ദഹിപ്പിച്ച കുഴി നമ്പർ മാറി നൽകിയതിന് കാരണക്കാരൻ രഞ്ജനാണെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. താക്കോൽ ഉപയോഗിച്ച് നെറ്റിയിലും മുഖത്തും കുത്തി പരിക്കേൽപ്പിച്ചുവെന്നാണ് രഞ്ജൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. മർദ്ദനമേറ്റ് നിലത്തു വീണ രഞ്ജന്റെ ദേഹത്ത് കയറിയിരുന്ന് നെഞ്ചിലും തലയിലും ക്രൂരമായി മർദ്ദിച്ചതായും പൊലീസ് എഫ്‌ഐആറിൽ വ്യക്തമാക്കുന്നു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 332(c), 126(2), 115(2), 118(1), 190 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എസ്ഐ ടികെ അഖിലിനാണ് കേസിൻ്റെ അന്വേഷണ ചുമതല.

Previous Post Next Post