തിരുവനന്തപുരം :- സംസ്ഥാനത്ത് മിക്കയിടത്തും ഇന്നലെ രാത്രിയിൽ അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം. കൊടും ചൂടിൽ വൈദ്യുതി ആവശ്യകത ഉയർന്നതും ആവശ്യത്തിന് അനുസരിച്ച് വൈദ്യുതി കിട്ടാനില്ലാത്തതുമാണ് കാരണം. സമാന സ്ഥിതിയുള്ളതിനാൽ നിയന്ത്രണം തുടർന്നേക്കും. മഴയില്ലാത്തതിനാൽ ചൂട് കൂടുതലായിരുന്നു. കണക്ക് കൂട്ടിയതിനേക്കാൾ വൈദ്യുതി ആവശ്യവും ഉയർന്നു. മഴ കാരണം കൽക്കരിയില്ലാത്തതിനാൽ ഉത്തരേന്ത്യയിൽ വൈദ്യുതോൽപാദനം കുറഞ്ഞു. കെഎസ്ഇബിക്ക് പീക്ക് സമയത്തേയ്ക്ക് പറഞ്ഞുറപ്പിച്ച ഹ്രസ്വകാല കരാറുമില്ല. എല്ലാം കൂടി ആയപ്പോൾ ഇന്നലെ രാത്രിയിൽ ഒന്നിലധികം തവണ കറന്റ് കട്ടായി.
ഏറ്റവും ഉയർന്ന ആവശ്യകത വൈകീട്ട് ഏഴേ കാലിനാണ് രേഖപ്പെടുത്തിയത്. 4999 മെഗാവാട്ട്. മൊത്തം ഉപയോഗം 93.74 ദശലക്ഷം യൂണിറ്റ്. ജലവൈദ്യുതി 24 ദശലക്ഷം യൂണിറ്റ് മാത്രം. 67 ദശലക്ഷം യൂണിറ്റോളം പുറത്ത് നിന്നായിരുന്നു. ഇതിൽ കൂടുതൽ കിട്ടാനില്ല. കൽക്കരി ക്ഷാമം കാരണം കേന്ദ്രവിഹിതം കുറഞ്ഞു. കഴിഞ്ഞ മാസം ഇതേ ദിവസം 42 ദശലക്ഷം യൂണിറ്റെങ്കിൽ ഇന്നലെ കിട്ടിയത് 37 ദശലക്ഷം യൂണിറ്റ് ആയിരുന്നു. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്കും ഉയർന്ന ആവശ്യകത ആയതിനാൽ പവർ എക്സേഞ്ചിലും വൈദ്യുതി കിട്ടാനില്ല. ഉള്ളതിന് ഉയർന്ന വിലയുമാണ്.
മധ്യപ്രദേശിൽ നിന്ന് മുൻ ദിവസങ്ങളിൽ കിട്ടിയതു പോലെ കടമായി വൈദ്യുതി ഇന്നലെ കിട്ടിയില്ല. പീക്ക് സമയത്ത് വൈദ്യുതിക്കായുള്ള ടെൻഡറിനെ കമ്പനികൾ തിരിഞ്ഞു നോക്കിയില്ല. ഭരണമാറ്റം അടക്കമുള്ള കാരണങ്ങളാൽ സമയത്ത് ആസൂത്രണവുമുണ്ടായില്ല. ആവശ്യകത കൂടുന്നത് അനുസരിച്ച് പുതിയ ദീർഘകാല കരാറുകളുമില്ല. രാത്രികാലങ്ങളിലെ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജ്ജിംഗ് ഉൾപ്പെടെ നിയന്ത്രണമില്ലാത്ത ഉപയോഗമെന്നാണ് കെഎസ്ഇബി വിമർനം. എല്ലാം കൂടി ആയപ്പോൾ കേരളം ഇരുട്ടത്തായി.
