'വാഹനത്തിന് ട്രാഫിക് പിഴയുണ്ടെന്ന് വ്യാജ മെസ്സേജ് ' ; വാഹന ഉടമകൾക്ക് മുന്നറിയിപ്പുമായി MVD, സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത വേണം


മലപ്പുറം :- വാഹനത്തിന് ട്രാഫിക് പിഴയുണ്ടെന്ന് കാണിച്ച് വാട്‌സാപ്പിലൂടെയും മൊബൈൽ സന്ദേശങ്ങളിലൂടെയും എത്തുന്ന വ്യാജ ഇ-ചലാൻ സന്ദേശങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്. പിഴ അടയ്ക്കാനെന്ന പേരിൽ വ്യാജ ലിങ്കുകൾ അയച്ച് വാഹന ഉടമകളിൽ നിന്ന് ബാങ്കിങ് വിവരങ്ങളും പണവും തട്ടിയെടുക്കുന്ന സംഘങ്ങൾ സജീവമാണെന്ന് അധികൃതർ അറിയിച്ചു. ട്രാഫിക് നിയമലംഘനത്തിന് പിഴ അടയ്ക്കാനുണ്ടെന്നും ഉടൻ പണമടച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്നും അറിയിച്ചാണ് പലർക്കും സന്ദേശങ്ങൾ ലഭിക്കുന്നത്. സന്ദേശത്തോടൊപ്പം നൽകിയിരിക്കുന്ന ലിങ്കിൽ പ്രവേശിച്ച് പിഴ അടയ്ക്കാനും ആവശ്യപ്പെടും. എന്നാൽ ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ വ്യക്തിഗത വിവരങ്ങളും ബാങ്കിങ് വിവരങ്ങളും തട്ടിപ്പുകാർക്ക് ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് എംവിഡി നൽകുന്ന മുന്നറിയിപ്പ്.

വാഹനത്തിന് നിലവിൽ ചലാൻ ഉണ്ടോയെന്ന് പരിശോധിക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക ഇ-ചലാൻ വെബ്സൈറ്റ് https://echallan.parivahan.gov.in/മാത്രം ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു. വാഹന നമ്പറോ ചലാൻ നമ്പറോ നൽകി രാജ്യത്ത് എവിടെ രജിസ്റ്റർ ചെയ്ത ചലാനുകളുടെയും വിശദാംശങ്ങൾ പരിശോധിക്കാനും ഔദ്യോഗിക സംവിധാനത്തിലൂടെ പിഴ അടയ്ക്കാനും സാധിക്കും. വാട്‌സാപ്പ്, എസ്.എം.എസ്. തുടങ്ങിയവയിൽ ലഭിക്കുന്ന ലിങ്കുകൾ ഔദ്യോഗികമാണെന്ന് തോന്നിയാലും നേരിട്ട് അതിൽ പ്രവേശിക്കാതെ വെബ് ബ്രൗസറിൽ ഔദ്യോഗിക ഇ-ചലാൻ വെബ്സൈറ്റ് സ്വയം ടൈപ്പ് ചെയ്് പരിശോധിക്കുന്നതാണ് സുരക്ഷിതം. പിഴ അടയ്ക്കുന്നതിനിടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, എ.ടി.എം/ഡെബിറ്റ് കാർഡ് വിവരങ്ങൾ, പിൻ, ഒ.ടി.പി., നെറ്റ് ബാങ്കിങ് പാസ്വേഡ് തുടങ്ങിയ രഹസ്യ വിവരങ്ങൾ ആവശ്യപ്പെട്ടാൽ നൽകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ഓൺലൈനായി പിഴ അടയ്ക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് സമീപത്തെ അക്ഷയ കേന്ദ്രങ്ങളോ അംഗീകൃത ഡിജിറ്റൽ സേവന കേന്ദ്രങ്ങളോ വഴി പണമടയ്ക്കാം. കോടതി നടപടികളിലേക്ക് മാറ്റിയ ചലാനുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ബന്ധപ്പെട്ട ആർ.ടി. ഓഫീസുമായോ പോലീസ് സ്റ്റേഷനുമായോ നേരിട്ട് ബന്ധപ്പെടണമെന്നും നിർദേശമുണ്ട്. പോലീസിന്റെയോ മോട്ടോർ വാഹന വകുപ്പിന്റെയോ പേരിൽ ലഭിക്കുന്ന സന്ദേശങ്ങളാണെങ്കിലും സംശയകരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. വാട്‌സാപ്പിൽ ലഭിക്കുന്ന സന്ദേശത്തെക്കാൾ ഔദ്യോഗിക വെബ്സൈറ്റിലെ വിവരങ്ങൾ മാത്രം വിശ്വസിച്ച് പിഴ അടയ്ക്കുന്നതാണ് സുരക്ഷിതം.

Previous Post Next Post