തൊട്ടാൽ കൈപൊള്ളും! സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കൂടുന്നു


സാധാരണക്കാരന് തിരിച്ചടിയായി സംസ്ഥാനത്ത് അരി, പലവ്യഞ്ജനം പോലുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കൂടുന്നു. മൊത്ത വിപണിയിൽ പൊന്നി അരിക്ക് ഒരു മാസത്തിനിടെ 14 രൂപയാണ് കൂടിയത്. തുവരപ്പരിപ്പിന് ഒരു മാസത്തിനിടെ 20 രൂപ കൂടി. കടല, ഉഴുന്ന്, വൻപയർ, പഞ്ചസാര തുടങ്ങിയവയ്ക്കും വില കൂടുകയാണ്. പശ്ചിമേഷ്യൻ സംഘർഷം വിവിധ മേഖലകളിൽ സൃഷ്ടിക്കുന്ന ആഘാതങ്ങൾക്ക് പുറമേയാണ് മലയാളിയുടെ നിത്യജീവിതത്തിന് തിരിച്ചടിയായി അരി, പലവ്യഞ്ജനം പോലുള്ള അത്യാവശ്യ സാധനങ്ങൾക്കുള്ള വില വർധന.

മഹാരാഷ്ട്ര, ആന്ധ്ര, കർണ്ണാടക പോലുള്ള ഉൽപാദക സംസ്ഥാനങ്ങളിലെ കാർഷിക മേഖലയിൽ എൽനിനോയും മറ്റ് കാലാവസ്ഥാ മാറ്റങ്ങളും സൃഷ്ടിച്ച പ്രതിസന്ധിയാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം. വടക്കൻ കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മൊത്തവിതരണ കേന്ദ്രമായ വലിയങ്ങാടിയിലെ വില നിലവാരം ഒന്ന് പരിശോധിക്കാം. മൊത്തവിപണിയിൽ ഒരു കിലോ പൊന്നി അരിയുടെ വില 73 ആയി. ഓണക്കാലത്ത് 58 ആയിരുന്നു വില. കുറുവ അരിയിലെ വിവിധ ഇനങ്ങൾക്ക് ഓണത്തിന് ശേഷം മൂന്ന് രൂപ കൂടി. കഴിഞ്ഞ ജൂലായ് മുതൽ പിടിവിട്ട് കുതിക്കുകയാണ് ബിരിയാണിക്കുള്ള കൈമ അരിയുടെ വില. ഇടക്കാലത്ത് ഒന്ന് കുറഞ്ഞെങ്കിലും ഇപ്പോൾ 180 ആയി ഉയരുന്നു. കോല അരിക്കും വില കൂടിയിട്ടുണ്ട്.

പലവ്യഞ്ജനങ്ങൾക്കും വില കൂടുകയാണ്. മൊത്തവിപണിയിൽ തുവരപ്പരിപ്പിന് ഒരുമാസത്തിനിടെ കിലോയ്ക്ക് 20 രൂപ കൂടി. കടലയ്ക്ക് പത്ത് രൂപയാണ് വർധന. ഉഴുന്നിന് എട്ട് രൂപയും വൻപയറിന് 14 രൂപയും കൂടി. ചെറുപയറിനും വർധനയുണ്ട്. അടുത്ത മാസങ്ങളിലും വില കുറഞ്ഞേക്കില്ല എന്നാണ് ഇതര സംസ്ഥാനങ്ങളിലെ വിപണികൾ നൽകുന്ന സൂചന. സർക്കാർ നടത്തിയ ചില ഇടപെടലുകൾ ഓണക്കാലത്ത് വിലക്കയറ്റം രൂക്ഷമാകാതിരിക്കാൻ സഹായിച്ചിരുന്നു. അത്തരത്തിലുള്ള ശ്രമങ്ങൾ വരും ദിവസങ്ങളിൽ നടത്തിയില്ലെങ്കിൽ സാധാരണക്കാരൻ്റെ അടുക്കള ബജറ്റ് കൂടുതൽ താളം തെറ്റാനാണ് സാധ്യത.

Previous Post Next Post