വേങ്ങര :- മലപ്പുറം വേങ്ങരയിൽ MDMA വിൽപ്പനയ്ക്കിടെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ മിനു ജാസ്മിനടക്കം നാലുപേർ പിടിയിൽ. ലപ്പുറം ഹാജിയാർപള്ളി സ്വദേശി അനസ് (24), മങ്കട സ്വദേശി ടി.പി ഷബീർ (26), വേങ്ങര ഊരകം സ്വദേശി സജാദ് (21), കൂട്ടിലങ്ങാടി കാവുങ്ങൽ സ്വദേശി മിനു ജാസ്മിൻ (23) എന്നിവരാണ് പിടിയിലായത്. കാറിൽ കടത്തുകയായിരുന്ന 10.5 ഗ്രാം എംഡിഎംഎയാണ് മലപ്പുറം പൊലീസ് പിടികൂടിയത്. എംഡിഎംഎ വിൽപ്പനക്ക് എത്തിച്ചതാണ് പൊലീസ് പറഞ്ഞു.
രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച രാത്രി മലപ്പുറം കിഴക്കെത്തല വേങ്ങര റോഡിൽ അക്ഷയ സെന്ററിനു മുൻപിൽ നടത്തിയ പരിശോധനയിലാണ് നാലംഗ സംഘത്തെ എംഡിഎംഎയുമായി കാറിൽ നിന്നും പിടികൂടി അറസ്റ്റ് ചെയ്തത്. കാറിൽ നിന്നും 10.5 ഗ്രാം പത്തരഗ്രാം എംഡിഎംഎ, സിറിഞ്ച്, ലഹരിമരുന്ന് പായ്ക്ക് ചെയ്യുന്നതിനാവശ്യമായ സാമഗ്രികൾ, പണം എന്നിവ പൊലീസ് കണ്ടെത്തി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി രഹസ്യ വിവരത്തെ തുടർന്ന് മലപ്പുറം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സനലിന്റെ നേതൃത്വത്തിൽ മലപ്പുറം പൊലീസും മലപ്പുറം ഡാൻസാഫ് ടീമും നടത്തിയ പരിശോധനയിലാണ് ഇൻഫ്ലുവൻസറും സംഘവും കുടുങ്ങിയത്.
വേങ്ങര മങ്കട പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർഥികൾക്കും യുവാക്കൾക്കും എംഡിഎംഎ വിൽപന നടത്തിവരികയായിരുന്നു സംഘമെന്ന് പൊലീസ് പറഞ്ഞു. സംഘം സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ച് ദൃശ്യം പകർത്തുന്നതിനിടെ മിനു 'വീഡിയോ ആണോ' എന്ന് ചോദിച്ച് പോസ് ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതികൾക്ക് എവിടെ നിന്നാണ് എംഡിഎംഎ കിട്ടിയതെന്നതടക്കം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
