കണ്ണൂർ :- ജില്ലയിലെ ഉൾനാടൻ മത്സ്യോത്പാദനത്തിൽ വൻ വർധന. 2023-24 സാമ്പത്തികവർഷത്തിൽ 1863 ടൺ ആയിരുന്നു ഉൾനാടൻ മദ്ധ്യോത്പാദനം. 2024-25-ൽ ഉത്പാദനം 2818 ടൺ ആയി വർധിച്ചു. ഈ സാമ്പത്തിക വർഷത്തെ കണക്കു പ്രകാരം ഉത്പാദനം ഏകദേശം 3500 ടണിന് മുകളിലാണ്. കണക്കെടുപ്പ് പൂർത്തിയായെങ്കിലും ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. അതായത് രണ്ടുവർഷം മുൻപുണ്ടായിരുന്നതിന്റെ ഇരട്ടിയോളമായി ഉത്പാദനം വർധിച്ചു. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ സർക്കാർ നടപ്പാക്കിയ വിവിധ പദ്ധതികളും കേരള ഇൻലാൻഡ് ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ആക്ട് (കിഫ) നടപ്പാക്കിയതും മത്സ്യസമ്പത്ത് വർധിപ്പിക്കാൻ ഇടയാക്കി.
മത്സ്യോത്പാദനം വർധിപ്പിക്കുന്നതിലൂടെ ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുകയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. പോഷകാഹാര ഉറവിടവുമാണിവ. നാലുവർഷം മുൻപ് തുടങ്ങിയ ജല ആവാസവ്യവസ്ഥ മത്സ്യസമ്പത്ത് സംരക്ഷണ പദ്ധതി ഉൾനാടൻ മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഒന്നാണ്. ഓരോ ജില്ലയിലെയും ഒരു പുഴയാണ് പദ്ധതിക്കായി തിരഞ്ഞെടുക്കുക. ആദ്യ മൂന്നുവർഷം അഞ്ചരക്കണ്ടി പുഴയിലാണ് പദ്ധതി നടപ്പാക്കിയിരുന്നത്. കഴിഞ്ഞവർഷം കുപ്പം പുഴയാണ് ഇതിനായി തിരഞ്ഞെടുത്തത്. ഇത്തവണയും കുപ്പം പുഴയിലാണ് പദ്ധതി നടപ്പാക്കുക.
പദ്ധതിക്കായി തിരഞ്ഞെടുക്കുന്ന പുഴയിൽ മത്സ്യവിത്ത് നിക്ഷേപിക്കും. ഇതിനുപുറമെ രണ്ട് ഹെക്ടർ മത്സ്യസങ്കേതമാക്കി മാറ്റി അവിടെ മീൻപി ടിത്തം തടയും. കഴിഞ്ഞവർഷം കരിമീൻ വിത്തുകളാണ് കുപ്പത്ത് നിക്ഷേപിച്ചിരുന്നത്. ഇതിനുപുറമെ ഇൻലാൻഡ് പട്രോളിങും ശക്തമാക്കിയിരുന്നു. മത്സ്യസങ്കേതങ്ങൾക്കും ചുറ്റും പട്രോളിങ് നടത്താറുണ്ട്. നിയമവിരുദ്ധവും അശാസ്ത്രീയമായതുമായ മീൻപിടിത്തം കണ്ടെത്തി നടപടിയെടുക്കാനായാണ് പട്രോളിങ് ശക്തമാക്കിയത്. ചെറിയ കണ്ണികളുള്ള വല ഉപയോഗിച്ചും സംരക്ഷിത മേഖലയിലെ മീൻപിടിത്തവുമെല്ലാം നിരോധിച്ചിട്ടുണ്ട്. പദ്ധതിയുടെ നടത്തിപ്പിനായി ഓരോ പ്രോജക്ട് കോഡിനേറ്ററെയും ഗാർഡിനെയും ഫിഷറീസ് വകുപ്പ് നിയമിക്കും. കൂടാതെ കുപ്പം പുഴ കടന്നുപോകുന്ന പഞ്ചായത്തുകളിൽ ഇതുസംബന്ധിച്ചുള്ള ബോധവത്കരണ ക്ലാസുകളും നടത്താറുണ്ട്. സംസ്ഥാന സർക്കാരാണ് പദ്ധതി നടത്തിപ്പിനായുള്ള തുക അനുവദിക്കുന്നത്. കഴിഞ്ഞവർഷം കുപ്പം പുഴയിൽ നാലുലക്ഷം കാർപ്, 10 ലക്ഷം ചെമ്മീൻ, 1,50,500 കരിമീൻ വിത്തുകളുമാണ് നിക്ഷേപിച്ചത്. പഴശ്ശി റിസർവോയറിൽ ആറുലക്ഷം കാർപ് മീൻവിത്തുകളും നിക്ഷേപിച്ചിട്ടുണ്ട്. ഇത്തവണത്തെ പദ്ധതി തുടങ്ങിയിട്ടില്ല. മത്സ്യ കർഷകർക്ക് വിതരണം ചെയ്തതും വളർത്തുന്നതുമായ മീനുകളുടെ കണക്ക് ഇക്കൂട്ടത്തിൽപ്പെടില്ല.
