സംസ്ഥാനത്തെ കളക്ടറേറ്റുകളിൽ മുലയൂട്ടൽ കേന്ദ്രം വരുന്നു


തിരുവനന്തപുരം :- സംസ്ഥാനത്തെ കളക്ടറേറ്റുകളിൽ മുലയൂട്ടുന്ന അമ്മമാർക്കായി മുലയൂട്ടൽ കേന്ദ്രം (ബ്രെസ്റ്റ് ഫീഡിങ് സ്പേസ്/ഫീഡിങ് പോഡ്) വരുന്നു. കളക്ടറേറ്റുകളിൽ ജോലിചെയ്യുന്ന ജീവനക്കാർക്കും വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് വനിത-ശിശുവികസനവകുപ്പ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ ഏഴു ജില്ലകളിലെ കളക്ടറേറ്റുകളിലാണിവ സ്ഥാപിക്കുന്നത്. തൊഴിലിടങ്ങളിൽ സ്ത്രീ സൗഹൃദ അന്തരീക്ഷം ഉറപ്പാക്കുക, തൊഴിൽസമയത്ത് കുഞ്ഞുങ്ങളുടെ സംരക്ഷണം എളുപ്പമാക്കുക, തടസ്സമില്ലാതെ മുലപ്പാൽ ലഭിക്കാനുള്ള കുട്ടികളുടെ അവകാശം സംരക്ഷിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം. 'മെറ്റേണിറ്റി ബെനഫിറ്റ്' നിയമവും 'കേരളമെറ്റേണിറ്റി ബെനഫിറ്റ്' ഭേദഗതി ചട്ടവും പ്രകാരം അൻപതോ അതിലധികമോ ജീവനക്കാരുള്ള തൊഴിലിടങ്ങളിൽ ക്രഷുകളും അവിടെ ബ്രെസ്റ്റ് ഫീഡിങ് സ്പേസും ഉറപ്പാക്കേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കെട്ടിടങ്ങൾക്കോ ഓഫീസുകൾക്കോ ഉള്ളിൽ സ്ഥിരമായി വേർതിരിച്ചെടുക്കുന്ന പ്രത്യേക മുറി അല്ലെങ്കിൽ വിസ്മൃതമായ സ്ഥലമാണ് 'ബ്രസ്റ്റ് ഫീഡിങ് സ്പേസ്'. കൂടുതൽ സ്ഥല സൗകര്യമുണ്ടാകുമെന്നതാണ് മെച്ചം. ഒന്നിൽ കൂടുതൽ അമ്മമാർക്ക് ഒരേ സമയം ഉപയോഗിക്കാം. എളുപ്പത്തിൽ മാറ്റിസ്ഥാപിക്കാൻ കഴിയുന്ന ചെറിയ റെഡിമേഡ് ക്യാബിൻ അല്ലെങ്കിൽ പോർട്ടബിൾ എൻക്ലോഷർ ആണ് 'ഫീഡിങ് പോഡ്'. സാധാരണ ഒരാൾക്ക് (ഒരു അമ്മയ്ക്കും കുഞ്ഞിനും) മാത്രം ഒരു സമയം സ്വകാര്യതയോടെ ഉപയോഗിക്കാൻ തക്കവണ്ണമാണ് ഇത് രൂപകല്പന ചെയ്തിട്ടുള്ളത്. പ്രത്യേകമായി മുറികളില്ലാത്തിടങ്ങളിൽ എളുപ്പത്തിൽ സജ്ജീകരിക്കാൻ കഴിയുന്ന സംവിധാനമാണിത്.

ഒരു യൂണിറ്റിന് രണ്ടുലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഫീഡിങ് സ്പേസ്, സോഫ സെറ്റ്, ഫ്രിഡ്ജ്, എയർ കണ്ടീഷണർ, പെഡസ്റ്റൽ ഫാൻ, ടീപ്പോയ്, തൊട്ടിൽ, വാഷ് ബേസിൻ, കണ്ണാടി തുടങ്ങിയവ ഇവിടെയുണ്ടാകും. കളക്ടർമാരുമായി ആലോചിച്ച് അനുയോജ്യമായ സ്ഥലം കണ്ടെത്തി, ജില്ലാ വനിത-ശിശുവികസന ഓഫീസർമാർ മുഖേന ഇവ സജ്ജീകരിച്ച് കൈമാറും. ആദ്യഘട്ടത്തിലെ പ്രവർത്തനം വിലയിരുത്തിയശേഷം പദ്ധതി കൂടുതൽ പൊതുസ്ഥലങ്ങളിലേക്കും ഓഫീസുകളിലേക്കും വ്യാപിപ്പിക്കും.

Previous Post Next Post