ജിമ്മിൽ നിന്ന് മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ട സ്‌കൂട്ടർ മതിലിൽ ഇടിച്ച് പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു


കോഴിക്കോട് :- മേപ്പയ്യൂർ നരക്കോട് നിയന്ത്രണം വിട്ട സ്‌കൂട്ടർ മതിലിൽ ഇടിച്ച് പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു. തുറയൂർ ഇരിങ്ങത്ത് സ്വദേശി അജൽ പ്രവീൺ (16) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടു പേർക്ക് കൂടി അപകടത്തിൽ പരിക്കേറ്റു. രാത്രി 9.30ഓടെ നരക്കോട് -ഇരിങ്ങത്ത് റോഡിലായിരുന്നു അപകടം. 

ജിമ്മിലെ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മതിലിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അജലിനെ ഉടൻ തന്നെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് രണ്ടു പേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. തുറയൂർ ഇരിങ്ങത്ത് കുളങ്ങര സ്വദേശി പ്രവീൺ കുമാറിന്റെയും മഞ്ജുഷയുടെയും മകനാണ് അജൽ. അർജുൻ പ്രവീൺ സഹോദരനാണ്.

Previous Post Next Post