സൈബർ സുരക്ഷയും ഡിജിറ്റൽ സുരക്ഷിതത്വവും ലക്ഷ്യം ; സംസ്ഥാനത്ത് 'സൈബർ ജാഗ്രത സേഫ്ടെക്' ക്യാമ്പയിന് തുടക്കമായി


തിരുവനന്തപുരം :- സൈബർ സുരക്ഷ, ഡിജിറ്റൽ സുരക്ഷിതത്വം, ഉത്തരവാദിത്തത്തോടെയുള്ള സാങ്കേതികവിദ്യാ ഉപയോഗം എന്നിവ സംബന്ധിച്ച് സംസ്ഥാനവ്യാപകമായി ബോധവൽക്കരണം ലക്ഷ്യമിട്ട് കേരള സർക്കാർ 'സൈബർ ജാഗ്രത സേഫ്ടെക്' ക്യാമ്പയിന് തുടക്കം കുറിച്ചു. ഇൻഫർമേഷൻ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻഡ് ഫ്യൂച്ചർ ടെക്നോളജീസ് വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഐ.ടി. മിഷനാണ് ക്യാമ്പയിന് നേതൃത്വം നൽകുന്നത്. വ്യവസായ, ഐ.ടി., ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് ഫ്യൂച്ചർ ടെക്നോളജീസ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ക്യാമ്പെയ്ൻ ഉദ്ഘാടനം ചെയ്തു.

സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ച പുതിയ അവസരങ്ങൾക്കൊപ്പം ദുരുപയോഗത്തിനുള്ള സാധ്യതകളും വർധിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സാധാരണ ഉപയോക്താക്കൾ സൈബർ ചൂഷണത്തിന് ഇരയാകാൻ സാധ്യതയുള്ളതിനാൽ അവരെ സംരക്ഷിക്കേണ്ടത് പ്രധാനമാണെന്നും ഈ ലക്ഷ്യത്തോടെയാണ് സൈബർ ജാഗ്രത ക്യാമ്പെയ്ന് തുടക്കം കുറിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്ഘാടനച്ചടങ്ങിൽ ഗതാഗത മന്ത്രി സി.പി. ജോൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ക്യാമ്പെയ്ൻന്റെ ആദ്യഘട്ടത്തിൽ 1,000 അക്കാദമിക് അംബാസഡർമാർക്കും 1,500 കമ്മ്യൂണിറ്റി അംബാസഡർമാർക്കും പരിശീലനം നൽകും. ഇവരിലൂടെ സംസ്ഥാനത്തെ ഒരു ലക്ഷം വിദ്യാർഥികളിലേക്കും ഒരു ലക്ഷം പൗരന്മാരിലേക്കും സൈബർ സുരക്ഷാ ബോധവൽക്കരണം എത്തിക്കുകയാണ് ലക്ഷ്യം.

സേഫ്ടക് ക്ലബുകൾ, കമ്മ്യൂണിറ്റി അംബാസഡർമാർ, സൈബർ സുരക്ഷ സംബന്ധിച്ച വിവരങ്ങളും വിഭവങ്ങളും ലഭ്യമാക്കുന്ന പ്രത്യേക ഓൺലൈൻ പ്ലാറ്റ്ഫോം എന്നിവയിലൂടെയാണ് ക്യാമ്പയിൻ ഘട്ടംഘട്ടമായി നടപ്പാക്കുന്നത്. ഓൺലൈൻ തട്ടിപ്പുകളും മറ്റ് സൈബർ ഭീഷണികളും തിരിച്ചറിയാനും അവയിൽ നിന്ന് സംരക്ഷണം നേടാനും അപകടസാധ്യതകൾ നേരിടുമ്പോൾ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് മനസ്സിലാക്കാനും സുരക്ഷിതമായി ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിക്കാനും പൊതുജനങ്ങളെ പ്രാപ്‌തരാക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. ക്യാമ്പയിന്റെ ഭാഗ്യചിഹ്നം 'കിയോ' ചടങ്ങിൽ അവതരിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ക്യാമ്പയിൻ പോർട്ടൽ ഉദ്ഘാടനം ചെയ്തു.

Previous Post Next Post