സൈബർ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാനും ഡിജിറ്റൽ സുരക്ഷയെക്കുറിച്ച് അവബോധം വളർത്താനും ആഭ്യന്തര വകുപ്പിന്റെ ക്ലിക്ക് പദ്ധതി


കൊച്ചി :- സൈബർ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാനും ഡിജിറ്റൽ സുരക്ഷയെക്കുറിച്ച് അവബോധം വളർത്താനും ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ കേരള പൊലീസ് നടപ്പാക്കുന്ന ക്ലിക്ക് - CLICK (Community Led Initiative for Cyber Resilient Keralam) പ്രചാരണത്തിന് ഇന്ന് തുടക്കമാകും. 2027 ഓടെ സമ്പൂർണ സൈബർ റെസിലിയന്റ് കേരളം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 

ഡിജിറ്റൽ കുറ്റകൃത്യങ്ങൾക്കും ഓൺലൈൻ തട്ടിപ്പുകൾക്കുമെതിരെ ജനങ്ങളെ അണിനിരത്തുകയും സൈബർ സുരക്ഷ സമൂഹത്തിന്റെ കൂട്ടുത്തരവാദിത്തമായി വളർത്തുകയുമാണ് CLICK ലക്ഷ്യമിടുന്നത്. സൈബർ ആക്രമണങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനും ആക്രമണങ്ങൾ ഉണ്ടായാൽ വേഗത്തിൽ അതിജീവിച്ച് സുരക്ഷിതമായി മുന്നോട്ടുപോകാനുമുള്ള വ്യക്തികളുടെയും സമൂഹത്തിന്റെയും ശേഷിയാണ് സൈബർ റെസിലിയൻസ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായ മേഖല, സാമൂഹിക സംഘടനകൾ, യുവജനങ്ങൾ, പൊതുജനങ്ങൾ എന്നിവരെ ഒരുമിപ്പിച്ച് സൈബർ സുരക്ഷയെ ജനകീയ പ്രസ്ഥാനമാക്കി മാറ്റുകയാണ് CLICK വിഭാവനം ചെയ്യുന്നത്.

സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ പ്രതിരോധത്തിൽ കേരള പൊലീസിനൊപ്പം പൊതുജനങ്ങൾക്കും സജീവ പങ്കാളികളാകാൻ അവസരമൊരുക്കും. 'അറിവിലൂടെ ജാഗ്രത, ജാഗ്രതയിലൂടെ പ്രതിരോധം' എന്ന സന്ദേശവുമായി സുരക്ഷിതവും ഉത്തരവാദിത്തപൂർണവും സൈബർ ഭീഷണികളെ ഫലപ്രദമായി നേരിടാൻ ശേഷിയുള്ളതുമായ കേരളം കെട്ടിപ്പടുക്കാനുള്ള കൂട്ടായ ശ്രമത്തിനാണ് CLICK തുടക്കം കുറിക്കുന്നത്. ഡിജിറ്റൽ ലോകത്ത് സമ്പൂർണ്ണ സുരക്ഷ എന്ന ഒന്നില്ല. ഏതെങ്കിലും വിധത്തിൽ സൈബർ കുറ്റവാളികൾ വ്യക്തികളെ ടാർഗറ്റ് ചെയ്തു‌വെന്നിരിക്കും. അങ്ങനെ സംഭവിച്ചാൽ ഭയവും നാണവും മൂലം ഉൾവലിയാതെ സ്വയം പ്രതിരോധിക്കാനും.നഷ്ടത്തിൽ നിന്നും അപമാന ഭയത്തിൽ നിന്നും കരകയറാനും സമൂഹത്തെ പ്രാപ്തമാക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.

Previous Post Next Post