കൊളച്ചേരിയിൽ KSEB ലൈൻമാനെ മർദിച്ച സംഭവം: പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി

 


​കണ്ണൂർ:- കൊളച്ചേരിയിൽ ജോലിക്കിടെ കെഎസ്ഇബി സെഷൻ ലൈൻമാനെ ആക്രമിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്ത നടപടിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സിറ്റി പൊലീസ് കമ്മിഷണർക്ക് മന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി. ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ജില്ലാ കമ്മിറ്റി മന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.

​പള്ളിപ്പറമ്പ് സ്വദേശി കെ.പി. അബ്ദുൽമുനീറിനെയാണ് (46) കഴിഞ്ഞ 30-ാം തീയതി ജോലിക്കിടെ ആക്രമിച്ച് മാരകമായി പരുക്കേൽപ്പിച്ചത്. ചേലേരി കായച്ചിറയിലെ ട്രാൻസ്ഫോർമറിൽ ജോലി ചെയ്യുന്നതിനിടെ, വൈദ്യുതി ഓഫ് ചെയ്ത് ജോലി ചെയ്തത് ചോദ്യം ചെയ്ത് സ്ഥലത്തെത്തിയ കായച്ചിറ സ്വദേശികളായ ചിലർ അദ്ദേഹത്തെ മർദിക്കുകയായിരുന്നു. മർദനത്തിൽ മുഖത്തും മാരകമായി ശരീരത്തിലും പരുക്കേറ്റതിനെ തുടർന്ന് മൂത്രതടസ്സം അനുഭവപ്പെട്ട അബ്ദുൽമുനീറിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

​സംഭവദിവസം രാത്രി തന്നെ കെഎസ്ഇബി കൊളച്ചേരി സെഷൻ അസിസ്റ്റന്റ് എൻജിനീയർ മയ്യിൽ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പ്രതികളിൽ പ്രധാനിയായ കായച്ചിറ സ്വദേശി ഹംദാൻ പിറ്റേന്ന് പുലർച്ചെ ബെംഗളൂരു വിമാനത്താവളം വഴി വിദേശത്തേക്ക് കടന്നതായാണ് സൂചന.

​സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്ത മയ്യിൽ പൊലീസിന്റെ വീഴ്ചയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലും ഇതുസംബന്ധിച്ച് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് നേതാക്കൾ അറിയിച്ചു.

Previous Post Next Post