ദുബായ്: ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി ജിംഖാന യു.എ.ഇ സംഘടിപ്പിക്കുന്ന 'മാംസാർ ബീച്ച് റൺ/വാക്ക്' നവംബർ 15 ഞായറാഴ്ച രാവിലെ 6:30-ന് ദുബായിലെ മാംസാർ ബീച്ചിൽ നടക്കും.
മാതൃക്ലബ്ബായ പള്ളിപ്പറമ്പ് ജിംഖാന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ, യു.എ.ഇയിലുള്ള മുഴുവൻ നാട്ടുകാരെയും ഒരുമിപ്പിച്ചുകൊണ്ടാണ് ഈ കായിക കൂട്ടായ്മ സംഘടിപ്പിക്കുന്നത്. 'ഒരു ടീം, ഒരു കൂട്ടായ്മ' എന്ന സന്ദേശമുയർത്തി നാടിന്റെ സൗഹൃദവും ഐക്യവും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
പ്രായഭേദമോ ഫിറ്റ്നസ് നിലവാരമോ പരിഗണിക്കാതെ എല്ലാവർക്കും പങ്കെടുക്കാവുന്ന ഈ കൂട്ടായ്മയിലേക്ക് യു.എ.ഇയിലെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന മുഴുവൻ നാട്ടുകാരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി ജിംഖാന യു.എ.ഇ ഭാരവാഹികൾ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി എല്ലാവരുടെയും സജീവ പങ്കാളിത്തവും സഹകരണവും ഉണ്ടാകണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
