അമിതവേഗതയിൽ വീണ്ടും അപകടം ; സ്വകാര്യ ബസ് ട്രാഫിക് പോലീസുകാരനെ ഇടിച്ചിട്ടു


കൊച്ചി :- കൊച്ചിയിൽ സ്വകാര്യ ബസ് ട്രാഫിക് പൊലീസുകാരനെ ഇടിച്ചിട്ടു. ഹൈക്കോടതിക്ക് സമീപം ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് സംഭവം. സിപിഒ ശ്രീദത്ത് ആശുപത്രിയിൽ ചികിത്സ തേടി. അപകടമുണ്ടാക്കിയ മഹാത്മ ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഡ്രൈവർ കാക്കനാട് സ്വദേശി അനീഷ് പൊലീസ് കസ്റ്റഡിയിലാണ്. മേനക ഭാഗത്ത് നിന്നും അമിതവേഗതയിൽ അശ്രദ്ധമായി ഓടിച്ചെത്തിയ ബസ് ബാനർജി റോഡിലേക്ക് തിരിയവേയാണ് അപകടമുണ്ടായത്.

കൊച്ചിയിൽ അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് ഇടിച്ച് കാൽനടയാത്രക്കാരിയായ യുവതി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. തൃശൂർ സ്വദേശിയായ അക്ഷരയ്ക്കാണ് ജീവൻ നഷ്ടമായത്. കാക്കനാട് - ഇടച്ചിറ റോഡിൽ ഐഎംജി ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. ജിമ്മിൽ നിന്ന് മടങ്ങുകയായിരുന്ന യുവതിയെ, ഇടുങ്ങിയ വഴിയിലൂടെ അമിത വേഗതയിൽ എത്തിയ ബസ് ഇടിക്കുകയായിരുന്നു. യുവതിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി.

'മലയിൽ' എന്ന സ്വകാര്യ ബസാണ് അപകടം ഉണ്ടാക്കിയത്. ബസ് അമിത വേഗതയിലായിരുന്നു എന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. മനപ്പൂർവമുള്ള നരഹത്യാ കുറ്റം ചുമത്തി ബസ് ഡ്രൈവർ ബിനോയ്മെ അറസ്റ്റ് ചെയ്തു. ഇൻഫോപാർക്കിലെ ജീവനക്കാരിയായിരുന്നു മരിച്ച അക്ഷര. വിവാഹിതയാണ്. കൊച്ചിയിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിനെതിരെ വ്യാപക പരാതി ഉയരുന്നുണ്ട്.

കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിനെതിരെ കഴിഞ്ഞ ദിവസവും ഹൈക്കോടതി രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. എന്തുതരം ഡ്രൈവിംഗ് ആണിതെന്നാണ് കോടതി ചോദിച്ചത്. അപകടകരമായ രീതിയിലും അമിത വേഗത്തിലും സഞ്ചരിക്കുന്ന ബസുകൾക്കെതിരെ കർശന നടപടി എടുക്കണമെന്നും നിർദേശിച്ചിരുന്നു. വിഷയത്തിൽ കൊച്ചി കൊച്ചി കോർപ്പറേഷന് അന്ത്യശാസനം നൽകിയ കോടതി നടപടി എടുത്തില്ലെങ്കിൽ കോർപ്പറേഷൻ സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്നുള്ള താക്കീതും തൽകിയിരുന്നു.

Previous Post Next Post