കാൻസർ മുക്ത ഗ്രാമം ലക്ഷ്യം; മയ്യിലിൽ 'സഞ്ജീവനി' സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

 


​മയ്യിൽ: കാൻസർ രോഗത്തെ തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ മയ്യിൽ ലയൺസ് ക്ലബ്ബ് നടപ്പിലാക്കുന്ന ബൃഹദ് പദ്ധതിയുടെ ആദ്യഘട്ടമായി 'സഞ്ജീവനി കാൻസർ നിയന്ത്രിത ഗ്രാമം' സമഗ്ര മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും വേളത്ത് നടന്നു. പഞ്ചായത്തിലെ ഒരു വാർഡിനെ പൂർണ്ണമായും കാൻസർ നിയന്ത്രിത ഗ്രാമമാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ ആദ്യഘട്ട ലക്ഷ്യം. വേളം പൊതുജന വായനശാലയിൽ വെച്ച് നടന്ന ക്യാമ്പ് മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.

​മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ സഹകരണത്തോടെ പഞ്ചായത്തിലെ ആറാം വാർഡിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മികച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ക്യാമ്പിൽ സ്തനാർബുദം, ഗർഭാശയ ഗള കാൻസർ, വായിലെയും തൊലിപ്പുറത്തെയും കാൻസറുകൾ എന്നിവയ്ക്കുള്ള സ്ക്രീനിംഗും മാമോഗ്രാം, പാപ്‌സ്മിയർ, യു.എസ്.ജി (അൾട്രാ സൗണ്ട് സ്കാൻ) തുടങ്ങിയ പരിശോധനകളും പൂർണ്ണമായും സൗജന്യമായാണ് ഒരുക്കിയത്.

​മയ്യിൽ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് സി.കെ. പ്രേമരാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ടൈറ്റസ് തോമസ് വിശിഷ്ടാതിഥിയായി. മലബാർ കാൻസർ കെയർ സൊസൈറ്റി പ്രസിഡന്റ് ഡി. കൃഷ്ണനാഥ പൈ മുഖ്യപ്രഭാഷണം നടത്തി. മെഡിക്കൽ ഡയറക്ടർ ഡോ. വി.സി. രവീന്ദ്രൻ ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. പി. രാധാകൃഷ്ണൻ പദ്ധതി വിശദീകരിച്ചു.

​പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന വളണ്ടിയർമാരെ ചടങ്ങിൽ ആദരിച്ചു. ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി അഡ്വ. വിനോദ് ഭട്ടതിരിപ്പാട്, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം യു. ലക്ഷ്മണൻ, ഗ്രാമപഞ്ചായത്ത് അംഗം കെ. വാണിദേവി, വേളം പൊതുജന വായനശാല സെക്രട്ടറി കെ.പി. രാധാകൃഷ്ണൻ, ഡോ. ഹർഷ ഗംഗാധരൻ, പി.പി. കൃഷ്ണൻ, പി.കെ. നാരായണൻ, സിദ്ധാർത്ഥ് വണ്ണാരത്ത്, പി.കെ. ശശി നമ്പ്യാർ, എ.കെ. രാജ്മോഹൻ, പി.പി. സജീഷ് എന്നിവർ സംസാരിച്ചു.

Previous Post Next Post