ടി.കെ ഗോവിന്ദൻ മാസ്റ്റർ MLA യുടെ ഇടപെടൽ ഫലം കണ്ടു ; തളിപ്പറമ്പിലെ 77 വയസ്സുകാരനായ പത്മനാഭന് ഇനി സ്നേഹഭവനിൽ അഭയം


തളിപ്പറമ്പ് :- തളിപ്പറമ്പ് നിയോജക മണ്ഡലം MLA ടി.കെ ഗോവിന്ദൻ മാസ്റ്ററുടെ ഇടപെടലിൽ തളിപ്പറമ്പിലെ വായോധികന് ഇനി സ്നേഹഭവനിൽ അഭയം. തളിപ്പറമ്പിൽ ഒറ്റയ്ക്ക് താമസിച്ച് ദുരിതജീവിതം നയിച്ചിരുന്ന 77 വയസ്സുകാരനായ പത്മനാഭനാണ് സുരക്ഷിതമായ താമസവും സംരക്ഷണവും ഉറപ്പാക്കാൻ തളിപ്പറമ്പ് എം.എൽ.എ നടത്തിയ ഇടപെടൽ ഫലം കണ്ടത്. 

പത്മനാഭന്റെ ദയനീയമായ ജീവിതസാഹചര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആവശ്യമായ സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കുന്നതിനായി എം.എൽ.എ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവരികയും അടിയന്തര നടപടി ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് കണ്ണൂർ ജില്ലാ സാമൂഹിക നീതി ഓഫീസർ പത്മനാഭനെ ആലച്ചേരിയിലെ സ്നേഹഭവൻ (മെൻ) എന്ന ക്ഷേമസ്ഥാപനത്തിൽ പുനരധിവസിപ്പിക്കുന്നതിന് അനുമതി നൽകി ഉത്തരവിറക്കി. 

ആരെങ്കിലും കൊടുക്കുന്ന ഭക്ഷണത്തിന്റെ ആശ്രയത്തിലായിരുന്നു വാടക വീട്ടിൽ പത്മനാഭന്റെ ജീവിതം മുന്നോട്ട് പോയത്. പരിചയക്കാർ കനിഞ്ഞുനൽകുന്ന പണമായിരുന്നു ഈ 77 വയസ്സുകാരന്റെ ജീവിതം. ചെറുപ്പത്തിലാണ് പത്മനാഭൻ തളിപ്പറമ്പിൽ എത്തിയത്. തളിപ്പറമ്പിൽ പല ജോലികളും ചെയ്ത് ജീവിച്ചു. പത്രവിതരണക്കാരനായി. ഏറെക്കാലം ബുക് സ്റ്റാൾ ജീവനക്കാരനായി. അക്കാലത്തെല്ലാം ലോഡ്ജ് മുറിയിലായിരുന്നു താമസം. വാടക കൊടുക്കാൻ വകയില്ലാതായതോടെ ലോഡ്ജ് ജീവിതം അവസാനിപ്പിച്ചു. ക്ലാസിക് തിയേറ്ററിനു സമീപത്തെ വീട്ടിൽ താമസിക്കുകയായിരുന്നു. ആദ്യം വീട്ടിന്റെ മുകൾനിലയിലായിരുന്നു താമസം. നടക്കാനും പടവുകൾ കയറാനും ബുദ്ധിമുട്ടായതോടെ വീടിൻ്റെ പിറകിലെ ചെറിയ മുറിയിലേക്ക് മാറി.

എഴുന്നേറ്റു നിൽക്കാനോ പരസഹായം കൂടാതെ കാര്യങ്ങൾ ചെയ്യാനോ പറ്റാത്ത അവസ്ഥയിലായിരുന്നു. കൈയിലുണ്ടായിരുന്ന കുറച്ചു പൈസ എല്ലാം തീർന്നു. ഇനി എന്തു ചെയ്യുമെന്ന് അറിയില്ലെന്ന അവസ്ഥയിലാണ് MLA യുടെ നേതൃത്വത്തിൽ സഹായകരങ്ങൾ എത്തിയത്. മുറിക്ക് പുറത്താണ് ശൗചാലയം. അങ്ങോട്ട് നടക്കാൻ പറ്റുന്നില്ല. അവിവാഹിതനാണ്. സഹോദരങ്ങൾ മൂന്നുപേരുണ്ട്. രണ്ടുപേർ മരിച്ചു. പത്മനാഭനും ജ്യേഷ്ഠത്തിയും മാത്രം ജീവിച്ചിരിക്കുന്നു. കൂവോട്ടെ ചിറയിൽ കുഞ്ഞിരാമന്റെയും കരയപ്പത്ത് നാരായണിയുടെയും മകനാണ് പദ്‌മനാഭൻ. 


Previous Post Next Post