കക്കൂസ് മാലിന്യങ്ങൾ കൊണ്ടു പോകുന്ന ടാങ്കർ ലോറി കണ്ടെത്തി


മയ്യിൽ :- പാവന്നൂരിൽ ഉപയോഗശൂന്യമായ കരിങ്കൽ ക്വാറിക്കു സമീപം ആളൊഴിഞ്ഞ പറമ്പിൽ കക്കൂസ് മാലിന്യങ്ങൾ കൊണ്ടു പോകുന്ന ടാങ്കർ ലോറി കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി അസഹനീയമായ നാറ്റത്തോടെ കടന്ന് പോയ വാഹനത്തെ ഇന്ന് രാവിലെ പരിസരവാസികൾ നടത്തിയ പരിശോധനയിലാണ് ക്വാറിക്ക് സമീപം കണ്ടെത്തിയത്. രാത്രികാലങ്ങളിൽ മാത്രം സർവീസ് നടത്തുന്ന വാഹനം പുലർച്ചെ എത്തി കരിങ്കൽ ക്വാറിയിലെ വെളളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയാണ് പതിവ്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മയ്യിൽ പൊലീസെത്തി ഡ്രൈവറെ സമീപം ഉളള വാടക വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ഏതാനും മാസങ്ങളായി മയ്യിലും പരിസര പ്രദേശങ്ങളിലും ആളൊഴിഞ്ഞ ഇടങ്ങളിൽ കക്കൂസ് മാലിന്യങ്ങൾ തളളിയത് ഈ വാഹനങ്ങളിൽ കൊണ്ടു വന്നാണെന്ന് സൂചന ഉണ്ട്. ഇതേ വാഹനത്തിൽ പരിസര പ്രദേശങ്ങളിലെ വിവാഹ, ഗൃഹപ്രവേശനങ്ങൾ മുതലായ ആഘോഷങ്ങൾക്കും, ഹോട്ടലുകളിലേക്കും ശുദ്ധ ജലം എന്ന പേരിൽ കരിങ്കൽ ക്വാറിയിലെ ഉപയോഗശൂന്യമായ വെളളം എത്തിക്കുന്നതായും പറയപെടുന്നു. ശുദ്ധജല വിതരണം എന്ന പേരിലാണ് ഈ വാഹനത്തിൽ കക്കൂസ് മാലിന്യങ്ങൾ കൊണ്ടു പോകുന്നത്. സമീപം വെച്ച് മറ്റൊരു ടാങ്കർ ലോറിയും കണ്ടെടുത്തു കഴിഞ്ഞ ആറു മാസത്തോളമായി പ്രവർത്തനരഹിതമായ വാഹനമാണിതെന്നും, നേരത്തേ ഈ വാഹനവും കക്കൂസ് മാലിന്യങ്ങൾ കൊണ്ടു പോകുന്നതിനും, കുടി വെളളം എത്തിക്കുന്നതിനും ഉപയോഗിച്ചതാണെന്നും സൂചന ഉണ്ട്.
Previous Post Next Post