മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ പ്രതീഷ് വെള്ളിക്കീല്‍ ബൈക്കപകടത്തില്‍ മരിച്ചു


കണ്ണൂര്‍: കണ്ണൂർ പാപ്പിനിശേരി ദേശീയപാതയിൽ ബുള്ളറ്റ്ബൈക്ക്  നിയന്ത്രണം വിട്ട് മറിഞ്ഞ്  ചാനൽ കേമറാമാൻ മരിച്ചു. മാതൃഭൂമി ന്യൂസ് ചാനൽ കണ്ണൂർ ബ്യൂറോയിലെ കേമറാമാൻ പ്രതീഷ് വെള്ളിക്കീലാണ് മരിച്ചത്.ഇന്നു പുലർച്ചെ ഒന്നോടെ പാപ്പിനിശേരി ചുങ്കത്ത് ആണ് അപകടം. ഇന്നലെ രാത്രി മാതൃഭൂമിചാനൽ തെരഞ്ഞെടുപ്പ് പരിപാടിയായ പടയോട്ടത്തിന്റെ കണ്ണൂർ സ്റ്റേഡിയം കോർണറിലെ ഷൂട്ട് കഴിഞ്ഞ് സ്വന്തം ബുള്ളറ്റ് ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. എതിർദിശയിൽ നിന്നു മറികടന്ന് വന്ന വാഹനം കണ്ട് ബൈക്ക് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിക്കുകയായിരുന്നു. ചോരവാർന്ന് കിടന്ന പ്രതീഷിനെ കർണാടകയിൽ നിന്നുള്ള യാത്രക്കാരും വളപട്ടണം പാലത്തിൽ മീൻ പിടുത്തം നടത്തുകയായിരുന്ന മത്സ്യതൊഴിലാളികളും ചേർന്ന് കണ്ണൂർ എ കെ ജിആശുപത്രിയിൽ എത്തിച്ചെങ്കിലും വഴി മധ്യേ മരിച്ചുവെന്ന് വളപട്ടണം പോലീസ് പറഞ്ഞു. അപകടത്തിൽ പ്രതീഷിന്റെ മരണത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് കണ്ണൂരിലെ മാധ്യമ സുഹൃത്തുക്കൾ: പ്രത്യേകിച്ച് മാതൃഭൂമി ചാനൽ കണ്ണൂർ ബ്യൂറോ അംഗങ്ങളും മറ്റു ചാനൽ പ്രവർത്തകരും സഹപാഠികളും. ധർമ്മശാലയിലെ സീൽ കമ്മ്യൂണിറ്റി ടിവി കേമറമാനായിട്ടായിരുന്നു തുടക്കം. ഇന്നലെ രാവിലെ ജില്ലാ പഞ്ചായത്ത് ബജറ്റ് ഷൂട്ട് ചെയ്ത് സഹപ്രവർത്തകരോട് തമാശകൾ പറഞ്ഞ് പിരിഞ്ഞതായിരുന്നു.

സംസ്കാരം ഇന്ന് രണ്ടിന് വെള്ളിക്കൽ പാർക്കിന് സമീപത്തെ സമുദായ ശ്മശാനത്തിൽ. പരേതനായ നാരായണൻ - മണിയമ്പാറ നാരായണിയുടെയും മകനാണ്. ഭാര്യ: ഹേഷ്മ (പി സി ആർ ബാങ്ക്, കണ്ണപുരം ശാഖ). സഹോദരങ്ങൾ: അഭിലാഷ്, നിധീഷ്.

പ്രതീഷിന് കൊളച്ചേരി വാർത്തകൾ online ന്റെ ആദരാഞ്ജലികൾ.


Previous Post Next Post