ബോട്ട് ജെട്ടി കാണാൻ അവധി ദിനം ജനങ്ങൾ ഒഴുകിയെത്തി; പോലീസെത്തി ജെട്ടി അടപ്പിച്ചു, നിരവധി പേർക്കെതിരെ കേസ്

 


പറശ്ശിനിക്കടവ് :-  നിരോധനാജ്ഞയും കോവിഡ് സുരക്ഷാ മാനദണ്ഡവും പാലിക്കാതെ പറശ്ശിനിക്കടവിലെ പുതിയ ബോട്ട് ജെട്ടിയിൽ ഇന്നലെ എത്തിയത് ഒട്ടേറെപ്പേർ. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോൾ കണ്ടത് കൊച്ചുകുട്ടികളും വയോധികരും ഉൾപ്പെടെ വൻ ജനക്കൂട്ടം. ഇതിൽ ഭൂരിഭാഗം പേരും മാസ്കും ധരിച്ചിരുന്നില്ല.

 മാസ്ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും 30 പേർക്കെതിരെ തളിപ്പറമ്പ് എസ് ഐ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ കേസെടുത്ത് പിഴ ഈടാക്കി.

ഇന്നലെ രാവിലെ മുതൽ ജനക്കൂട്ടം ഇവിടേക്ക് എത്തുന്നതു കണ്ട് നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി ആളുകളെ ഒഴിപ്പിച്ച് ബോട്ട് ജെട്ടി താൽക്കാലികമായി അടപ്പിച്ചു. നിയന്ത്രണങ്ങൾക്കു വിധേയമായി മാത്രമേ അടുത്ത ദിവസം മുതൽ ജെട്ടി തുറക്കാൻ അനുവദിക്കൂ എന്നു പൊലീസ് അറിയിച്ചു.

പറശ്ശിനിക്കടവിലെ സ്വകാര്യ പാർക്കിങ് കേന്ദ്രങ്ങളും അടപ്പിച്ചിട്ടുണ്ട്. പിന്നീട് ഇവിടേക്കു വന്ന വാഹനങ്ങളെ പൊലീസ് തന്നെ തടഞ്ഞു തിരിച്ചയച്ചു. നിരോധനാജ്ഞ ബോധവൽക്കരണത്തിനായി പറശ്ശിനിക്കടവിലും പരിസരങ്ങളിലും പൊലീസിന്റെ നേതൃത്വത്തിൽ മൈക്ക് അനൗൺസ്മെന്റും നടത്തി.

Previous Post Next Post