കോട്ടക്കൽ : - ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ദേശീയപാത കോട്ടക്കൽ രണ്ടത്താണിയിൽ രാത്രി പതിനൊന്നോടെയാണ് സംഭവം.
എറണാകുളത്തു നിന്നും കണ്ണൂർ പോകുന്നതിനിടെ ഇവർ സഞ്ചരിച്ച കാറിന് പിറകിൽ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഇതോടെ മുൻപിലുണ്ടായിരുന്ന വാഹനത്തിന് പിറകിൽ കാർ ഇടിച്ചു. അതേസമയം ലോറിയിടിപ്പിച്ച് അപകടപ്പെടുത്താൻ ശ്രമമെന്നാണ് പരാതി.
യാത്രക്കിടെ ചായ കുടിക്കാൻ നിർത്തിയ പൊന്നാനി വെളിയങ്കോട് വെച്ച് തന്നെ അപമാനിക്കാൻ ശ്രമം നടന്നെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
പരിക്കുകളൊന്നും ഇല്ലാത്തതിനാൽ മറ്റൊരു വാഹനത്തിലാണ് ഇദ്ദേഹം കോഴിക്കോട്ടേക്ക് തിരിച്ചത്. അബ്ദുള്ളക്കുട്ടിയുടെ ഡ്രൈൈവറുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി കാടാമ്പുഴ എസ്.ഐ. കെ. എൻ മനോജ് പറഞ്ഞു. മൂന്നു വാഹനങ്ങളും സ്റ്റേഷനിലേക്ക് മാറ്റി.
ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടിക്ക് നേരെ മലപ്പുറത്ത് നടന്ന ആക്രമണത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ. മലപ്പുറം രണ്ടത്താണിയിൽ ചായകുടിക്കാൻ ഹോട്ടലിൽ കയറിയ അബ്ദുള്ളക്കുട്ടിയെ ചിലർ അപമാനിക്കുകയും തുടർന്ന് അദ്ദേഹത്തിൻ്റെ വാഹനത്തെ പിന്തുടർന്ന് പിറകിൽ ഇടിക്കുകയുമായിരുന്നു. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞു.
അസഹിഷ്ണുതയുടെ വക്താക്കൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവണം. പാർട്ടിയുടെ ദേശീയ ഉപാധ്യക്ഷനെ സംരക്ഷിക്കാൻ ബി.ജെ.പി പ്രവർത്തകർ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. അബ്ദുള്ളക്കുട്ടിക്കെതിരെ നടന്ന അതിക്രമത്തെ പാർട്ടി ശക്തമായി അപലിക്കുന്നുവെന്നും .അക്രമത്തിനെതിരെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും ഇന്ന് ബിജെപി പ്രതിഷേധം സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.