തിരുവനന്തപുരം :- സംസ്ഥാനത്ത് ഖരമാലിന്യ സംസ്‌കരണത്തിൽ മികവ് തെളിയിച്ച് 589 തദ്ദേശ സ്ഥാപനങ്ങളുടെ ശുചിത്വ പദവി പ്രഖ്യാപനം ശനിയാഴ്ച (ഒക്ടോബർ 10) രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. 501 ഗ്രാമപഞ്ചായത്തുകളും 58 നഗരസഭകളും 30 ബ്ലോക്കുപഞ്ചായത്തുകളുമാണ് നേട്ടം കൈവരിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, ക്ലീൻകേരള കമ്പനി, കുടുംബശ്രീ, തൊഴിലുറപ്പ് മിഷൻ എന്നിവ സംയുക്തമായി ആവിഷ്‌കരിച്ച നടപടിക്രമങ്ങളിലൂടെയാണ് ഖരമാലിന്യ സംസ്‌കരണത്തിൽ മികവു തെളിയിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശുചിത്വ പദവിക്കായി തിരഞ്ഞെടുത്തത്. തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
ജൈവ മാലിന്യം ഉറവിടത്തിൽ സംസ്‌കരിക്കുക, അജൈവ മാലിന്യ സംസ്‌കരണത്തിനാവശ്യമായ സംവിധാനം സജ്ജമാക്കുക, അജൈവ മാലിന്യ ശേഖരണത്തിന് ഹരിത കർമ്മസേനയുടെ സേവനവും സൂക്ഷിക്കുന്നതിന് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയും ഒരുക്കുക, പൊതു സ്ഥലങ്ങൾ മാലിന്യമുക്തമാക്കുക, സർക്കാർ ഓഫീസുകളിലും പൊതു സ്വകാര്യ ചടങ്ങുകളിലും ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുക തുടങ്ങി 20 നിബന്ധനകൾ സൂചകങ്ങളായി നിശ്ചയിച്ചുള്ള സർക്കാർ ഉത്തരവ് പാലിച്ചാണ് ശുചിത്വ പദവി നിർണ്ണയം നടത്തിയത്. 100 ൽ 60 മാർക്കിനു മുകളിൽ ലഭിച്ച തദ്ദേശ സ്വംയംഭരണ സ്ഥാപനങ്ങളാണ് ശുചിത്വ പദവിക്ക് അർഹത നേടിയത്.
സമ്പൂർണ്ണ ശുചിത്വ പദവിയിലേക്കുള്ള ആദ്യ പടിയാണ് ഖരമാലിന്യ സംസ്‌കരണത്തിൽ മികവുതെളിയിച്ച തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന ശുചിത്വ പദവി. ഖരമാലിന്യത്തിന് പുറമേ ദ്രവ-വാതക മാലിന്യ സംസ്‌കരണ മാർഗ്ഗങ്ങളുൾപ്പെടെ ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്തെ സകല ഘടകങ്ങളും പ്രാവർത്തികമാക്കുമ്പോൾ തദ്ദേശ സ്ഥാപനങ്ങൾക്ക് സമ്പൂർണ്ണ ശുചിത്വ പദവി നൽകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇപ്പോൾ കൈവരിച്ച നേട്ടത്തിലൂടെ സംസ്ഥാനത്തിന്റെ പകുതിയിലേറെ ഭൂപ്രദേശത്ത് ശാസ്ത്രീയ ഖരമാലിന്യ സംസ്‌കരണം പരമാവധി പ്രാവർത്തികമാക്കപ്പെടുകയാണെന്ന് ഹരിതകേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ. ടി.എൻ. സീമ അറിയിച്ചു.
ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദാ മുരളീധരൻ ശുചിത്വ പദവി റിപ്പോർട്ട് അവതരിപ്പിക്കും. മേയേഴ്സ് കൗൺസിൽ പ്രസിഡന്റ് തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്സ് ചേംബർ ചെയർമാൻ വി.കെ.മധു, ചേംബർ ഓഫ് മുനിസിപ്പൽ ചെയർമാൻ വി.വി. രമേശൻ, സെക്രട്ടറി സാബു കെ. ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ആർ. സുഭാഷ്, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. തുളസീഭായ് പത്മാനാഭൻ, ഹരിതകേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ. ടി.എൻ.സീമ, ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മിർ മുഹമ്മദ് അലി തുടങ്ങിയവരും ജനപ്രതിനിധികളും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുക്കും. ശുചിത്വ പദവി കരസ്ഥാമാക്കിയ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നടക്കുന്ന ചടങ്ങിൽ സർട്ടിഫിക്കറ്റും പുരസ്‌കാരവും വിതരണം ചെയ്യും.