തദ്ദേശ തിരഞ്ഞെടുപ്പ് : 12 മുതൽ 19 വരെ പത്രികാ സമർപ്പണം; 20 ന് സൂക്ഷ്മ പരിശോധന


തിരുവനന്തപുരം :-
തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ പ്രാരംഭ നടപടിയായ തിരഞ്ഞെടുപ്പ് വിജ്ഞാപനം  12 ന് വരണാധികാരികൾ ഓരോ തദ്ദേശ സ്ഥാപനത്തിനും ഓരോ വാർഡിനുമുള്ളത് പുറപ്പെടുവിക്കും. തുടർന്ന് സ്ഥാനാർത്ഥികൾക്ക് പത്രികകൾ സമർപ്പിക്കാം. സ്ഥാനാർത്ഥികൾക്ക് വരണാധികാരിക്കോ സഹ വരണാധികാരിക്കോ പത്രിക സമർപ്പിക്കാം.  തിരക്ക് ഒഴിവാക്കുന്നതിനായി സമയം മുൻകൂട്ടി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. രാവിലെ 11 മുതൽ വൈകിട്ട് 3 വരെയാണ് പത്രികകൾ സ്വീകരിക്കുന്നത്. 19 ആണ് പത്രികകൾ സ്വീകരിക്കുന്ന അവസാന തീയതി. 

20ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. 

ബന്ധപ്പെട്ട വരണാധികാരിയുടെ ഓഫീസിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുക. 

സൂക്ഷ്മ പരിശോധന നടക്കുന്ന വേളയിൽ ഓരോ വാർഡിലെയും സ്ഥാനാർത്ഥികൾക്കും നിർദ്ദേശകർക്കും ഏജൻറുമാർക്കും മാത്രമേ പ്രവേശനം അനുവദിക്കൂ. പരമാവധി 30 പേർക്കു മാത്രമായിരിക്കും പ്രവേശനം. സാമൂഹ്യ അകലം പാലിച്ചായിരിക്കും ഇരിപ്പിടങ്ങൾ ക്രമീകരിക്കുക.


കോവിഡ് പശ്ചാത്തലത്തിൽ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രികാ സമർപ്പണ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. നാമനിർദ്ദേശ പത്രികയും 2എ ഫാറവും പൂരിപ്പിക്കണം. 

2. ഒരു സമയം ഒരു സ്ഥാനാർത്ഥിയുടെ ആളുകൾക്ക് മാത്രം പത്രിക സമർപ്പിക്കുന്ന ഹാളിൽ പ്രവേശനം അനുവദിക്കൂ. 

3. പത്രിക സമർപ്പിക്കുന്നതിന് സ്ഥാനാർത്ഥിയോ നിർദ്ദേശകനോ ഉൾപ്പടെ 3 പേരിൽ കൂടാൻ പാടില്ല. 

4. ഹാളിൽ പ്രവേശിക്കുന്നതിനു മുമ്പ് കൈ സോപ്പ് ഉപയോഗിച്ച് കഴുകുകയോ സാനിറ്റൈസർ ഉപയോഗിക്കുകയോ വേണം. 

5. പത്രിക സമർപ്പിക്കുന്നയാൾ സാമൂഹ്യ അകലം പാലിക്കുകയും മാസ്ക് ധരിച്ചിരിക്കുകയും വേണം. 

6. ആവശ്യമെങ്കിൽ പത്രിക സമർപ്പിക്കുന്നതിന് സ്ഥാനാർത്ഥികൾക്ക് മുൻകൂറായി സമയം അനുവദിക്കും.

7. സെക്യൂരിറ്റി നിക്ഷേപം ട്രഷറിയിലോ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലോ ഒടുക്കിയതിൻ്റെ രസീത് ഹാജരാക്കാം. 

8. പത്രിക സമർപ്പിക്കാൻ വരുന്ന ഒരു സ്ഥാനാർത്ഥിക്ക് ഒരു വാഹനം മാത്രം. 

9. സ്ഥാനാർത്ഥിയോടൊപ്പം ആൾക്കൂട്ട മോ ജാഥയോ വാഹനവ്യൂഹമോ പാടില്ല. 

10. കണ്ടെയ്ൻമെൻ്റ് സോണുകളിലുള്ളവരോ ക്വാറൻ്റീനിലുള്ളവരോ മുൻകൂട്ടി അറിയിച്ച് വേണം നോമിനേഷൻ സമർപ്പിക്കാൻ ഹാജരാകേണ്ടത്. ഇവർക്കായി സമയം അനുവദിക്കുന്നതും ആവശ്യമായ മുൻകരുതൽ സ്വീകരിക്കുന്നതുമാണ്.

11. സ്ഥാനാർത്ഥി കോവിഡ് പോസിറ്റീവ് ആണെങ്കിലോ ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശാനുസരണം ക്വാറൻ്റീനിൽ ആണെങ്കിലോ പത്രിക നിർദ്ദേശകൻ മുഖാന്തിരം സമർപ്പിക്കേണ്ടതും സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷൻ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ മുൻപാകെ സ്ഥാനാർത്ഥിക്ക് സത്യപ്രതിജ്ഞ ചെയ്ത് ഒപ്പ് രേഖപ്പെടുത്താവുന്നതും പ്രസ്തുത സത്യപ്രതിജ്ഞാ രേഖ വരണാധികാരി മുൻപാകെ ഹാജരാക്കേണ്ടതുമാണ്.

Previous Post Next Post