പഞ്ചായത്തുകളിൽ ഇനി ഉദ്യോഗസ്ഥ ഭരണം ; ജനപ്രതിനിധികൾ പടിയിറങ്ങി


സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിൽ ഭരണസമിതികളുടെ കാലാവധി അവസാനിച്ചു. നാളെ മുതൽ സർക്കാർ നിശ്ചയിച്ച ഉദ്യോഗസ്ഥരുടെ സമിതികൾക്കായിരിക്കും ഭരണം. ഇത്‌ സംബന്ധിച്ച്‌ ഉത്തരവായി. പുതിയ ഭരണസമിതി അധികാരമേൽക്കുന്നതുവരെ ഉദ്യോഗസ്ഥ സമിതി ഭരിക്കും.

ദൈനംദിന കാര്യങ്ങളും മറ്റ്‌ അത്യാവശ്യ കാര്യങ്ങളും മാത്രം നടത്താനേ ഇവർക്ക് അധികാരമുള്ളൂ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും നിർവഹിക്കേണ്ടിവരും. ക്രിസ്‌മസിനുമുമ്പ് പുതിയ സമിതികൾ അധികാരമേൽക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിട്ടുണ്ട്. 2010-ൽ വോട്ടർപ്പട്ടികയെ സംബന്ധിച്ചും 2015-ൽ വാർഡുവിഭജനം സംബന്ധിച്ചുമുണ്ടായ കേസുകൾ തിരഞ്ഞെടുപ്പ് വൈകിച്ചിരുന്നു. രണ്ടുഘട്ടങ്ങളിലും പുതിയ ഭരണസമിതികൾ വൈകിയതിനാൽ ഉദ്യോഗസ്ഥർക്കായിരുന്നു നിശ്ചിതദിവസത്തേക്കു ഭരണം.

പുതിയ ഉദ്യോഗസ്ഥ സമിതി

ജില്ലാ പഞ്ചായത്ത്: കളക്ടർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ.

ബ്ലോക്ക് പഞ്ചായത്ത്: സെക്രട്ടറി, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ.

ഗ്രാമപ്പഞ്ചായത്ത്: സെക്രട്ടറി, അസിസ്റ്റന്റ് എൻജിനിയർ, കൃഷി ഓഫീസർ.

കോർപ്പറേഷൻ: കളക്ടർ, കോർപ്പറേഷൻ സെക്രട്ടറി, എൻജിനിയർ.

നഗരസഭ: കൗൺസിൽ സെക്രട്ടറി, എൻജിനിയർ, സംയോജിത ശിശുവികസന പദ്ധതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ.

Previous Post Next Post