കൊളച്ചേരി :- കോടികൾ മുടക്കി നിർമിച്ച പാലങ്ങളുടെ മുഖംമിനുക്കി പൊതുമരാമത്ത് വകുപ്പ്. ജില്ലയിലെ 200-ലധികം പാലങ്ങളുടെ ചെറിയ അറ്റകുറ്റപ്പണികളും പെയിന്റിങ്ങും തുടങ്ങി. വാഹനങ്ങളിടിച്ചും പോസ്റ്റർ പതിച്ചും മാലിന്യം വലിച്ചെറിഞ്ഞും പാലങ്ങൾ വൃത്തികേടായതിനെതിരെ നാട്ടുകാരുടെ പരാതിയിൽ പൊതുമരാമത്ത് മന്ത്രി നേരിട്ടിടപെട്ടതിനെത്തുടർന്നാണ് ധനകാര്യവിഭാഗം തുക അനുവദിച്ചത്.
ജില്ലയിൽ ആകെ 12 പ്രവൃത്തികളിലായി 200-ലധികം പാലങ്ങളുടെ പെയിൻറിങ്ങും അറ്റകുറ്റ പ്രവൃത്തിയുമാണ് നടക്കുന്നത്. പൊതുമരാമത്ത് വകുപ്പിൽനിന്ന് മൂന്നുകോടി രൂപയാണ് ഇതിനായി ജില്ലയ്ക്ക് ലഭിച്ചത്. പ്രവൃത്തി ഏറ്റെടുക്കുന്നതിന് ആളെ കിട്ടാത്തതിനാലാണ് പാലങ്ങളുടെ പെയിന്റിങ് പ്രവൃത്തി വൈകിയതെന്ന് പാലം പരിപാലന വിഭാഗം വകുപ്പ് അറിയിച്ചു.
പാലത്തിന്റെ കൈവരികളിൽ വെള്ളനിറവും ചെറിയ തൂണുകൾ നീല നിറവുമാണ് നൽകിയിരിക്കുന്നത്.
നടപ്പാതയ്ക്കരികിൽ കറുപ്പും വെള്ളയും ഇടകലർത്തിയും നിറം നൽകുന്നുണ്ട്. പയ്യന്നൂർ, തളിപ്പറമ്പ് ഭാഗങ്ങളിൽ പ്രവൃത്തി പൂർത്തിയായിക്കഴിഞ്ഞു. പുല്ലൂപ്പിക്കടവ്, വാരം കടവ്, കാട്ടാമ്പള്ളി, മുല്ലക്കൊടി-നണിശ്ശേരിക്കടവ് പാലം, പാവന്നൂർക്കടവ് പാലം, പറശ്ശിനിക്കടവ് പാലം, മലപ്പട്ടം പാലം എന്നിവയുടെ പ്രവൃത്തികളാണ് നടക്കുന്നത്.