തളിപ്പറമ്പ്: തളിപ്പറമ്പില്‍ വന്‍ ലഹരി വേട്ട. ബാറില്‍ മുറിയെടുത്ത് പുതുവത്സരമാഘോഷിച്ച യുവതി അടക്കമുള്ള സംഘത്തില്‍ നിന്നുമാണ് മാരക മയക്കുമരുന്നുകള്‍ പിടികൂടിയത്. കരിമ്പം സര്‍ സയ്യിദ് സ്‌കൂളിന് സമീപം കെ.കെ ഷമീറലി (21), നരിക്കോട്ടെ സി.ത്വയ്യിബ് (28), ഹാബീബ് നഗറിലെ മുഹമ്മദ് ഹനീഫ് (32), മഞ്ചേശ്വരം പച്ചബളയിലെ മുഹമ്മദ് ശിഹാബ് (22), കാസര്‍കോട് മംഗള്‍പടിയിലെ മുഹമ്മദ് ഷഫീഖ് (22), വയനാട്ടെ കെ. ഷഹബാസ് (24), പാലക്കാട് കുടുച്ചിറയിലെ എം.ഉമ (24) എന്നിവരയാണ് ഇന്‍സ്‌പെക്ടര്‍ എം.ദിലീപും സംഘവും അറസ്റ്റ് ചെയ്തത്.
ബക്കളത്തെ ഹോട്ടലിൽ മുറിയെടുത്താണ് സംഘം മയക്കുമരുന്ന് പാര്‍ട്ടി നടത്തിയത്. ഇവരില്‍ നിന്ന് 2,50,000 രൂപ വിലമതിക്കുന്ന 50 ഗ്രാം എം.ഡി, എം.എ, 10,000 രൂപ വിലമതിക്കുന്ന എല്‍.എസ്.ഡി സ്റ്റാമ്പുകള്‍, 5000 രൂപയുടെ ഒരു ബോട്ടില്‍ ഹാഷിഷ് ഓയില്‍ എന്നിവ എക്‌സൈസ് സംഘം പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് സംഘം പിടിയിലായത്. പ്രിവന്റിവ് ഓഫിസര്‍മാരായ കെ.വി ഗിരീഷ്, എ.അസീസ്, ടി.വി കമലാക്ഷന്‍, കെ.രാജേഷ്, പി.കെ രാജീവന്‍, പി.പി മനോഹരന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എസ്.എ.പി ഇബ്രാഹിം ഖലീല്‍, കെ.മുഹമ്മദ് ഹാരിസ്, ഹെമിന്‍, പി.പി ജിരാഗ്, കെ.വിനീഷ്, പി.നിജിഷ, എം.പി അനു എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.