ആംബുലൻസ് കിട്ടാതെ വലഞ്ഞവരെ ആസ്പത്രിയിലെത്തിച്ച് ചേലേരിയിലെ യുവാക്കൾ
കൊളച്ചേരി: കുടുംബത്തിലെ നാലുപേർ കോവിഡ് ബാധിച്ച് വീട്ടിൽ ചികിത്സയിലിരിക്കെ 11-കാരൻ വീണ് ഗുരുതരമായി പരിക്കേറ്റു. കുടുംബം ആംബുലൻസ് ലഭിക്കാതെ വലഞ്ഞപ്പോൾ യുവാക്കൾ തുണയായി. കൊളച്ചേരി പഞ്ചായത്തിലെ ചേലേരി എടക്കൈയിൽ വാടക വീട്ടിൽ താമസിക്കുന്ന കുറ്റ്യാട്ടൂർ പൊറോളത്തെ തേപ്പുതൊഴിലാളിയുടെ മകനെയായുവാക്കൾ സ്വന്തം കാറിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെത്തിച്ചത്. അച്ഛനും അമ്മയും രണ്ട് മക്കളും കോവിഡ് ബാധിച്ച് ഒരാഴ്ചയായി വീട്ടിൽത്തന്നെ കഴിഞ്ഞു വരികയായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചിന് വീടിന്റെ വരാന്തയിൽ നിന്ന് ഇവരുടെ 11 വയസ്സുള്ള മകൻ മുറ്റത്തേക്ക് വീണ് വലതുകൈയുടെ എല്ല് പൊട്ടി. സമീപത്തെ ചേലേരി പ്രഭാത് വായനശാല പ്രവർത്തകരും ജാഗ്രതാ സമിതിയംഗങ്ങളു മായ കെ.സി ബിപിനും കെ. ബിനേഷും പലയിടങ്ങളിലും ആംബുലൻസിന് അന്വേഷിച്ചെങ്കിലും കിട്ടിയില്ല. തുടർന്നാണ് സ്വന്തം കാറിൽ പി.പി.ഇ. കിറ്റുകൾ ധരിച്ച് ഇരുവരുമായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് തിരിച്ചത്.