ട്രോളിങ് നിരോധനം 9 മുതൽ; മുന്നൊരുക്കങ്ങൾ പൂർത്തിയായി

 



ട്രോളിങ് നിരോധനം ജൂൺ 9 മുതൽ ജൂലൈ 31 വരെ 52 ദിവസം നടപ്പാക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി കൊല്ലം കലക്ടർ ബി.അബ്ദുൽ നാസർ. ട്രോളിങ് നിരോധനത്തിന് മുന്നോടിയായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ, മത്സ്യത്തൊഴിലാളി യൂനിയൻ നേതാക്കൾ, ഹാർബർ മാനേജ്മെൻറ് സമിതി അംഗങ്ങൾ തുടങ്ങിയവരുമായി ഓൺലൈൻ യോഗം നടത്തി. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും നടപ്പാക്കുന്ന ട്രോളിങ് നിരോധനത്തോട് മത്സ്യത്തൊഴിലാളികൾ സഹകരിക്കണമെന്ന് കലക്ടർ അഭ്യർഥിച്ചു.

നിരോധനം ബാധകമല്ലാത്ത ഇൻ ബോർഡ് വള്ളങ്ങൾ, മറ്റു ചെറിയ യാനങ്ങൾ തുടങ്ങിയവക്ക് മത്സ്യബന്ധനത്തിന് പോകുന്നതിന് ശക്തികുളങ്ങരയിലെയും നീണ്ടകരയിലെയും മത്സ്യഫെഡ് ബങ്കുകളും അഴീക്കൽ ഭാഗത്ത് മുൻവർഷങ്ങളിൽ പ്രവർത്തിച്ചിരുന്ന ബങ്കുകളും പ്രവർത്തിക്കും. വള്ളങ്ങളുടെ മത്സ്യം വിൽക്കുന്നതിന് നീണ്ടകര ഹാർബർ തുറക്കും.







ട്രോളിങ് നിരോധനത്തിന് മുമ്ബ് കടലിൽ പോകുന്ന ബോട്ടുകളിൽ 48 മണിക്കൂറിനുള്ളിൽ തിരിച്ചുവരുന്നവക്ക് ശക്തികുളങ്ങര ഹാർബറിൽ മത്സ്യം ഇറക്കി വിപണനം നടത്താനുള്ള സൗകര്യം ഒരുക്കുമെന്നും കലക്ടർ പറഞ്ഞു. മൺസൂൺകാല കടൽ രക്ഷാപ്രവർത്തനത്തിനും പട്രോളിങ്ങിനുമായി നീണ്ടകരയിലും അഴീക്കലും കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

കടൽ സുരക്ഷാ സ്‌ക്വാഡിന്റെയും മറൈൻ പൊലീസിന്റെയും സേവനം 24 മണിക്കൂറും ഉറപ്പാക്കിയിട്ടുണ്ട്. കോസ്റ്റൽ പൊലീസിന്റെ സ്പീഡ് ബോട്ടും ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. ഇതരസംസ്ഥാന ബോട്ടുകൾ ട്രോളിങ് നിരോധനം ആരംഭിക്കുന്നതിന് മുമ്ബ് തന്നെ തീരം വിട്ട് പോകണം.

ട്രോളിങ് നിരോധന കാലയളവിൽ യന്ത്രവത്കൃത യാനങ്ങളിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്കും പീലിങ് തൊഴിലാളികൾക്കും സൗജന്യ റേഷൻ നൽകും. ഇതിനുള്ള അപേക്ഷ കൊല്ലം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിലും മത്സ്യഭവനുകളിലും ലഭിക്കും.

Previous Post Next Post