തിരുവനന്തപുരം:- കേരള പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനായി കെ. സുധാകരന്‍ MP നാളെ ചുമതലയേല്‍ക്കും. സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനില്‍ നിന്നാണ് നാളെ രാവിലെ പതിനൊന്നിനും പതിനൊന്നരയ്ക്കുമിടയില്‍ ചുമതലയേല്‍ക്കുന്നത്. ഇതിനുള്ള ക്രമീകരണങ്ങളെല്ലാം കെപിസിസി ഓഫീസില്‍ സജ്ജമായി. സുധാകരനു പുറമേ, വര്‍ക്കംഗ് പ്രസിഡന്‍റുമാരായി നിയമിതരായ കൊടിക്കുന്നില്‍ സുരേഷ് എംപി, പി.ടി. തോമസ് എംഎല്‍എ, ടി. സിദ്ദിഖ് എംഎല്‍എ എന്നിവരും നാളെ ചുമതലയേല്‍ക്കും.
ഈ മാസം എട്ടിനാണ് കെപിസിസി പ്രസിഡന്‍റിനെയും വര്‍ക്കിംഗ് പ്രസിഡന്‍റുമാരെയും നിയമിച്ചുകൊണ്ടുള്ള ഹൈക്കമാന്‍ഡ് ഇത്തരവ് വന്നത്. പിന്നാലെ നേതാക്കള്‍ക്ക് നാടിന്‍റെ നാനാഭാഗങ്ങളില്‍ നിന്ന് അഭിനന്ദന പ്രവാഹമായിരുന്നു. ശനിയാഴ്ച മുതല്‍ സ്വന്തം തട്ടകമായ കണ്ണൂരിലടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയും ഘടക കക്ഷി നേതാക്കളെയും നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങുന്ന തിരക്കിലായിരുന്നു സുധാകരന്‍. പാര്‍ട്ടിക്കു വേണ്ടി ജീവന്‍ ത്യജിച്ച രക്തസാക്ഷി കുടീരങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നു. കണ്ണൂരില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രാ മധ്യേ, അങ്കമാലി വെടിവയ്പില്‍ രക്തസാക്ഷിത്വം വരിച്ചവരുടെ സ്മാരകങ്ങളിലും പുഷ്പാര്‍ച്ചന നടത്തിയിരുന്നു.
മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വയലാര്‍ രവി, വി.ഡി. സതീശന്‍, കെ.സി. വേണുഗാപാല്‍, തെന്നല ബാലകൃഷ്ണപിള്ള, വി.എം. സുധീരന്‍, സി.വി പത്മരാജന്‍, പ്രൊഫ. കെ.വി. തോമസ്, കെ. മുരളീധരന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുമായി ഈ ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കെപിസിസി പ്രസിഡന്റായി കെ സുധാകരൻ എംപി ചുമതലയേൽക്കുന്നത്.
നാളെ രാവിലെ 10 ന് കിഴക്കേക്കോട്ട ഗാന്ധി പ്രതിമ, പാളയം രക്തസാക്ഷി മണ്ഡപം എന്ത്തിനിവിടങ്ങളില്‍ പുഷ്പാർച്ചന നടത്തിയ ശേഷമായിരിക്കും കെപിസിസി ആസ്ഥാനമായ ശാസ്തമംഗലത്തെ ഇന്ദിരാഭവനിലെത്തുക. അവിടെയെത്തുന്ന സുധാകരനെ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നേതൃത്വത്തിലുള്ള നേതാക്കള്‍ സ്വീകരിക്കും.
കെപിസിസി ഓഫീസ് -സേവാദൾ വോളന്റിയർമാരുടെ ഗാർഡ് ഓഫ് ഓണറും പാർട്ടി പതാക ഉയർത്തലും കഴിഞ്ഞ പ്രസിഡന്‍റിന്‍റെ ഓഫീസിലെത്തും. കെപിസിസി പ്രസിഡന്റായി രാവിലെ 11 നും 11.30നും ഇടയിലാണ് ചുമതല ഏറ്റെടുക്കുക. നേതാക്കളുടെ സാന്നിധ്യത്തില്‍ ചുമതല ഏറ്റെടുത്ത ശേഷം നേതാക്കളെ അഭിസംബോധന ചെയ്യും. ചാർജ് ഒഴിയുന്ന കെപിസി സി പ്രസിഡന്റിന്റെ വിടവാങ്ങൽ പ്രസംഗവും ചുമതലയേൽക്കുന്ന കെപിസിസി പ്രസിഡന്റിന്റെ ആമുഖപ്രസംഗവും -രാവിലെ 11.30 ന്. തുടര്‍ന്നു മാധ്യമങ്ങളെയും കാണും.