കോപ്പ അമേരിക്ക ; ബ്രസീലിന് സമനില , ഇക്വഡോറിന് ക്വാർട്ടർ ഭാഗ്യം


റിയോ:
കോപ്പ അമേരിക്കയില്‍ വിജയപ്പറക്കല്‍ തുടരാനിറങ്ങിയ ബ്രസീലിനെ സമനിലയില്‍ കുരുക്കി ഇക്വഡോർ. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഓരോ ഗോള്‍ വീതമടിച്ചാണ് ഇരു ടീമും സമനിലയായത്. ടൂർണമെന്‍റില്‍ കാനറികളുടെ വിജയമില്ലാത്ത ആദ്യ മത്സരം കൂടിയാണിത്. സൂപ്പർതാരം നെയ്മർ ഇല്ലാതെയായിരുന്നു നിലവിലെ ചാമ്പ്യന്‍മാർ ഇറങ്ങിയത്. 


നെയ്മർക്ക് വിശ്രമം നല്‍കിയപ്പോള്‍ ഗബ്രിയേല്‍ ബാർബോസയെ സ്ട്രൈക്കറാക്കി 4-2-3-1 ശൈലിയിലാണ് ടിറ്റെ ടീമിനെ അണിനിരത്തിയത്. കാസിമിറോ, തിയാഗോ സില്‍വ, റിച്ചാർലിസണ്‍ എന്നിവരും ആദ്യ ഇലവനിലുണ്ടായിരുന്നില്ല. കളി തുടങ്ങി 37-ാം മിനുറ്റില്‍ തന്നെ എവർട്ടനെടുത്ത ഫ്രീകിക്കില്‍ ഹെഡറിലൂടെ പ്രതിരോധതാരം എഡർ മിലിറ്റാവോ ബ്രസീലിന് ലീഡ് നേടിക്കൊടുത്തു. ഇതോടെ ബ്രസീലിന് മുന്‍തൂക്കത്തോടെ മത്സരം ഇടവേളയ്ക്ക് പിരിഞ്ഞു. 

എന്നാല്‍ രണ്ടാംപകുതിയില്‍ പകരക്കാരനായി ഇറങ്ങിയ ഏഞ്ചല്‍ മെന 53-ാം മിനുറ്റില്‍ ഇക്വഡോറിന് സമനില നേടിക്കൊടുത്തു. വലന്‍സിയയുടേതായിരുന്നു അസിസ്റ്റ്. സമനില വഴങ്ങിയെങ്കിലും നാല് കളിയില്‍ 10 പോയിന്‍റുമായി ബ്രസീലാണ് ഗ്രൂപ്പ് ചാമ്പ്യന്‍മാർ. അതേസമയം സമനിലയോടെ മൂന്ന് പോയിന്‍റിലെത്തിയ ഇക്വഡോർ നാലാം സ്ഥാനക്കാരായി ക്വാർട്ടറില്‍ പ്രവേശിച്ചു.

Previous Post Next Post