ബാഗ്ലൂർ മലയാളികളുടെ ആശ്വാസമായ യശ്വന്ത്‌പുര-കണ്ണൂർ എക്സ്പ്രസ് പുനരാരംഭിച്ചില്ല


 ബെംഗളൂരു :-  ലോക്ഡൗണിനുശേഷം ബെംഗളൂരുവിൽനിന്നുള്ള ഭൂരിപക്ഷം തീവണ്ടികളും സർവീസ് തുടങ്ങിയെങ്കിലും വടക്കൻകേരളത്തിലേക്കുള്ള യശ്വന്ത്‌പുര-കണ്ണൂർ എക്സ്പ്രസ് (16527) പുനരാരംഭിക്കാതെ റെയിൽവേ. പാലക്കാടുവഴി വടക്കൻ കേരളത്തിലേക്കുള്ള ഏകതീവണ്ടിയാണിത്.

അന്തസ്സംസ്ഥാന ബസ്‌സർവീസ് ആരംഭിക്കാത്തതിനാൽ കണ്ണൂർ എക്സ്പ്രസ് എത്രയുംവേഗം പുനരാരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ലോക്ഡൗണിനെത്തുടർന്ന് നിർത്തിയ ബാനസവാടി-കൊച്ചുവേളി (06320), ബാനസവാടി - എറണാകുളം (06130), കെ.എസ്.ആർ. ബെംഗളൂരു - എറണാകുളം (02677), മൈസൂരു - കൊച്ചുവേളി (06315) എന്നീ എക്സ്പ്രസ് തീവണ്ടികൾ കഴിഞ്ഞ ദിവസങ്ങളിലായി സർവീസ് തുടങ്ങിയിരുന്നു. സ്വന്തമായി വാഹനമില്ലാത്ത യാത്രക്കാർ കണ്ണൂർ, കോഴിക്കോട്, വയനാട് ഭാഗത്തേക്ക് ടാക്സിസർവീസുകളെയാണ് ആശ്രയിക്കുന്നത്. തെക്കൻ കേരളത്തിലേക്കുള്ള തീവണ്ടിയിൽ കയറി പാലക്കാട് ഇറങ്ങിയശേഷം ബസിൽ കോഴിക്കോട്, കണ്ണൂർ ഭാഗത്തേക്ക്‌ പോകുന്നവരുമുണ്ട്. ബെംഗളൂരുവിലുള്ള ഒട്ടേറെ മലയാളികൾ നാട്ടിൽ പോകുന്നതിന് യശ്വന്തപുര-കണ്ണൂർ എക്സ്പ്രസ് പുനരാരംഭിക്കുന്നത് കാത്തിരിക്കുകയാണ്. ഓരോ റൂട്ടിലെയും യാത്രക്കാരുടെ തിരക്ക് കണക്കാക്കി കൂടുതൽ സർവീസുകൾ പുനരാരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. കോവിഡ് രണ്ടാംവരവിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് ഏപ്രിൽ അവസാനമാണ് തീവണ്ടി സർവീസ് നിർത്തിയത്.

ബസ് സർവീസും വൈകുന്നു

:ലോക്ഡൗണിനെത്തുടർന്ന് നിർത്തിവെച്ച കേരള-കർണാടക ആർ.ടി.സി. ദീർഘദൂര സർവീസുകളും വൈകുന്നു. കർണാടക ആർ.ടി.സി. കേരളത്തിലേക്ക് സർവീസ് നടത്താൻ തയ്യാറാണെന്ന് അറിയിച്ചെങ്കിലും കേരളത്തിന്റെ അനുമതി വൈകുകയാണ്.

Previous Post Next Post