സങ്കടങ്ങളുടെ കെട്ടഴിച്ച് ബസുടമകളുടെ ഉപവാസം


കണ്ണൂർ
: 'എനിക്ക് നാല്‌ ബസുണ്ട് ,ഒന്നേ ഓടുന്നുള്ളു. ബാക്കി കട്ടപ്പുറത്താണ്. ഓടുന്ന ഒന്നിന് ദിവസം 7000-8000 രൂപ കിട്ടും. 85 ലിറ്റർ ഡീസൽ അടിച്ചുകഴിഞ്ഞാൽ ബാക്കി ഒന്നും ഉണ്ടാകില്ല.എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ വീതിച്ചെടുത്തോളാൻ തൊഴിലാളികളോട് പറഞ്ഞിരിക്കുകയാണ്-കളക്ടറേറ്റിന് മുന്നിൽ ബസ് ഉടമകളുടെ ഏകദിന ഉപവാസത്തിന് വന്ന ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി.പി. മോഹനൻ പറഞ്ഞു.

ചുരുങ്ങിയ ചെലവിൽ സാധാരണക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ സഹായിക്കുന്ന ബസുകാരുടെ സങ്കടക്കെട്ടുകളാണ് ചൊവ്വാഴ്ച കളക്ടറേറ്റിന് മുന്നിൽ അഴിക്കപ്പെട്ടത്. നികുതി കൊടുക്കാൻ കാശില്ലാത്തവർ, തൊഴിലാളികൾക്ക് കൂലി കൊടുക്കാനില്ലാത്തവർ, ടയർ വാങ്ങാൻ ഭാര്യയുടെ കെട്ടുതാലി പണയം വെച്ചവർ... ഓരോരുത്തർക്കും ഓരോ അനുഭവങ്ങൾ.

1200 ബസ് ഓടിയിരുന്ന ജില്ലയിൽ ഇപ്പോൾ ഏറെക്കുറെ കൃത്യമായി ഓടുന്നത് 290 ബസുകൾ മാത്രമാണെന്ന് അവർ പറയുന്നു. ഓടിയാൽ നഷ്ടമാണ്. തൊഴിലാളികളുടെ കാര്യമോർക്കുമ്പോൾ ഓടാതിരിക്കാനും കഴിയുന്നില്ല. 1000 രൂപ പ്രതിദിനം കൂലി കിട്ടേണ്ട അവർക്ക് 400-500 രൂപയിൽ കൂടുതൽ ഇപ്പോൾ കിട്ടുന്നില്ല. ഏപ്രിൽമുതൽ ജൂൺവരെ ലോക്‌ഡൗണായിരുന്നു. ആകെ 25 ദിവസമാണ് ഓടാൻ കഴിഞ്ഞത്. പക്ഷേ, സർക്കാർ നികുതിയിൽ ഒട്ടും ഇളവ് വരുത്തിയില്ല. 30,000 രൂപയാണ് ഒടുക്കേണ്ടത്. അടയ്ക്കാനുള്ള സാവകാശം ഓഗസ്റ്റുവരെ നീട്ടിയിട്ടുണ്ട്. പക്ഷേ, ഓടാത്ത ബസിന് എവിടന്നെടുത്ത് നികുതിയടയ്ക്കുമെന്ന് അവർ പറയുന്നില്ല.

സ്വകാര്യ വാഹനങ്ങളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ നിരക്ക് കൂട്ടിയതുകൊണ്ട് കാര്യമില്ല. ചെലവ്‌ കുറയ്ക്കാനുള്ള നടപടിയാണ് വേണ്ട്. എണ്ണയ്ക്ക് അല്പമെങ്കിലും സബ്‌സിഡി അനുവദിക്കണം- അവർ ആവശ്യപ്പെട്ടു.


മേയർ ടി.ഒ. മോഹനൻ സമരം ഉദ്ഘാടനം ചെയ്തു. ചേംബർ ഓഫ് കൊമേഴ്‌സ് സെക്രട്ടറി ഹനീഷ് കെ. വാണിയമ്പാടി, വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ കെ. ജയരാജൻ, വി.വി. ശശീന്ദ്രൻ, സി.പി. സന്തോഷ്, അഡ്വ. സുരേഷ് കുമാർ, എം.എ. കരീം എന്നിവർ സംസാരിച്ചു. ജില്ലാ ഭാരാവാഹികളായ രാജ്കുമാർ കരുവാരത്ത്, പി. രജീന്ദ്രൻ, കെ. വിജയമോഹനൻ, സി. സുനികുമാർ, കെ.പി. മുരളീധരൻ, കെ. പുരുഷോത്തമൻ, എം.കെ. പ്രേമരാജൻ എന്നിവരാണ് ഉപവാസം അനുഷ്ഠിച്ചത്.

Previous Post Next Post