മയ്യിൽ :- അടുക്കളയിൽ തിളച്ചുതൂവുന്ന കലം പോലെ കവിത തിളക്കുന്നുണ്ട് ചിലരിൽ...
കാണാപ്പണികളുടെ ചരടുപിണഞ്ഞ് ശ്വാസം മുട്ടുന്നുണ്ട് അവർക്ക്...
അലക്കുയന്ത്രമായും അരവുയന്ത്രമായും പ്രഷർകുക്കറായും ഒറ്റനേരങ്ങളിൽ പലതായ് മാറുന്നുണ്ട് ജീവിതമവർക്ക് ...
സമഭാവനയുടെ അതിരുകളിലേക്ക് കാണാച്ചരടിൽ കൊളുത്തിയ കിനാപ്പട്ടം പറത്തുന്നുണ്ട് അവരിൽ ചിലർ...
അടച്ചിരിപ്പുകാലത്ത് പുറംവെളിച്ചത്തിന്റെ ഇത്തിരിനേർത്ത തുണ്ടുപോലും പാടേ നഷ്ടമായത് അവർക്കാണ്....
പെണ്ണിന്...
അടച്ചിരിപ്പുകാലത്തെ പെൺജീവിതം അടയാളപ്പെടുത്താനുള്ള ശ്രമമാണ്
‘രാത്രിമഴ’ - സുഗതകുമാരി സാഹിത്യോത്സവം.
പെണ്ണിനോടും മണ്ണിനോടും ചേർന്ന് എഴുതുകയും പൊരുതുകയും ചെയ്‌ത പ്രിയ എഴുത്തുകാരിയുടെ ഓർമകൾക്കുള്ള സമർപ്പണമാണത്.
പണ്ടുകാലത്തെ കുരിപ്പുകാലമെന്ന (വസൂരിക്കാലം) പോലെ നാട് കോവിഡുകാലത്തെ അതിജീവിച്ച വഴികളെ പിന്തുടരുകയാണ് ഈ സാഹിത്യോത്സവം.
അത്രമേൽ ഇരുണ്ടുപോയ കാലത്തെ, ദേശവും മനുഷ്യരും കുടുംബവും നമ്മൾ തന്നെയും ആട്ടിപ്പായിച്ചതെങ്ങിനെയെന്നത് അക്ഷരങ്ങൾ അടയാളപ്പെടുത്തട്ടെ...
കണ്ണൂർ ജില്ലയിലെ തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന സുഗതകുമാരി സാഹിത്യോത്സവം നിങ്ങളുടെ ഉള്ളിലെ തീയെ തേടുകയാണ്.
നിങ്ങളുടെ വരികളും എഴുത്തുകളും ഇന്നേവരെ പുറംലോകം അറിഞ്ഞിട്ടില്ലെങ്കിൽ കൂടിയും ഈ അവസരം നിങ്ങൾക്കുള്ളതാണ്.
‘ഇതാണ് ഞാൻ’ എന്ന് ആത്മവിശ്വാസത്തോടെ പറയാനുള്ള ഇടം.
എഴുത്തിലെ തിളങ്ങുന്ന താരങ്ങളേക്കാൾ ഞങ്ങൾ തേടുന്നത് അവരെയാണ്.
‘അടച്ചിരുപ്പു കാലത്തെ പെൺജീവിതം’ എന്ന വിശാലമായ ക്യാൻവാസിൽ കവിതയോ കഥയോ അനുഭവമാേ നിങ്ങൾക്ക് പകർത്താം.
നിബന്ധനകൾ:
മത്സരം 25 വയസുമുതലുള്ള വനിതകൾക്ക് മാത്രം.
ഓരോ വിഭാഗത്തിലും മൂവായിരം രൂപ സമ്മാനത്തുകയടങ്ങുന്നതാണ് സുഗതകുമാരി പുരസ്‌കാരം.
ഓരോ വിഭാഗത്തിലേയും പത്ത് വീതം രചനകൾ സുഗതകുമാരിയുടെ ഒന്നാം ഓർമദിനത്തിൽ ഗ്രന്ഥാലയം പ്രസിദ്ധീകരിക്കുന്ന പുസ്‌തകത്തിൽ ഉൾപ്പെടുത്തും.
എൻട്രികൾ സ്വീകരിക്കുന്നത് നവംബർ അഞ്ചുവരെ.
രചനകൾ തപാലിലോ ഇ മെയിലായോ അയക്കാം.
വിലാസം: സെക്രട്ടറി, വനിതാവേദി, സഫ്‌ദർ ഹാഷ്‌മി സ്‌മാരക ഗ്രന്ഥാലയം, തായംപൊയിൽ, പി ഒ ചെറുപഴശ്ശി, കണ്ണൂർ ജില്ല–- 670601. ഫോൺ: 9495415773, 9446975113. ഇമെയിൽ: safdarhashmigrandhalayam@gmail.com
രചനകൾ ചെറുതാവണം. കർക്കശമായ പേജ് നിബന്ധനയില്ല. നേരത്തെ പ്രസിദ്ധീകരിച്ചിട്ടുള്ളവയാവരുത്.
രചനകൾക്കൊപ്പമല്ലാതെ ബയോഡാറ്റ പ്രത്യേകമായി ചേർക്കണം. വയസുതെളിയിക്കുന്നതിനുള്ള ഏതെങ്കിലും രേഖകളും അടക്കം ചെയ്യണം.