തളിപ്പറമ്പ്: തേങ്ങ പറിച്ച് തെങ്ങിൽനിന്നിറങ്ങുമ്പോൾ യന്ത്രം തകരാറിലായതിനെത്തുടർന്ന് കുടുങ്ങിപ്പോയ കുറുമാത്തൂരിലെ പി.ചന്ദ്രനെ(45) അഗ്നിരക്ഷാസേനയെത്തി താഴെയിറക്കി.
കടമ്പേരി അയ്യൻകോവിലെ ബന്ധുവീട്ടിൽ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. യന്ത്രത്തിൽ കാൽ കുടുങ്ങി തലകീഴോട്ടായിട്ടായിരുന്നു ചന്ദ്രനെ ആദ്യം നാട്ടുകാർ കണ്ടത്. ഉടനെ നാട്ടുകാരിലൊരാൾ കയറിൽ തെങ്ങിനോട് ചേർത്തുകെട്ടി.
തുടർന്നാണ് അഗ്നിരക്ഷാസേനയെ വിളിച്ചത്. 15 അടിയോളം ഉയരത്തിലുള്ള തെങ്ങിൽനിന്നും റെസ്ക്യൂ നെറ്റ് ഉപയോഗിച്ചാണ് ചന്ദ്രനെ അഗ്നിരക്ഷാസേന താഴെയിറക്കിയത്. അസി. സ്റ്റേഷൻ ഓഫീസർ ടി.അജയന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.