വളപട്ടണം: ബൈക്കിലെത്തി വഴിയാത്രക്കാരിയായ യുവതിയുടെ കഴുത്തിൽനിന്ന് സ്വർണമാല പൊട്ടിച്ച് കടന്ന കേസിലെ മൂന്ന് പ്രതികൾ വളപട്ടണം പോലീസിന്റെ പിടിയിലായി.
തയ്യിൽ സ്വദേശി ഷിജിൽ (26), പാലോട്ടുവയലിലെ നിബ്രാസ് (24), മാഹിയിലെ രാഗേഷ് (34) എന്നിവരെയാണ് വളപട്ടണം എസ്.എച്ച്.ഒ. രാജേഷ് മരങ്ങലാത്ത്, പ്രിൻസിപ്പൽ എസ്.ഐ. ദിജേഷ്, സി.പി.ഒ. മാരായ ശ്രീജിത്ത്, ലവൻ, എസ്.ഐ.മാരായ മാത്യു, സുവർണൻ എന്നിവർ ചേർന്ന് പിടികൂടിയത്. മാർച്ച് അഞ്ചിനാണ് സംഭവം.
ചിറക്കൽ സ്വദേശിനിയായ യുവതിയുടെ കഴുത്തിൽനിന്ന് രണ്ടരപ്പവൻ തൂക്കം വരുന്ന സ്വർണമാലയാണ് മൂവർ സംഘം പൊട്ടിച്ചോടിയത് എന്നണ് കേസ്. പോലീസിന് രഹസ്യ വിവരം കിട്ടിയത് പ്രകാരം ഷിജിലിനെയും നിബ്രാസിനേയും പുതിയ തെരുവിൽ നിന്നും രാഗേഷിനെ മടക്കരയിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്. സ്വർണം കണ്ണൂരിലെ ജുവലറിയിൽനിന്ന് പോലീസ് കണ്ടെടുത്തു. പ്രതികളെ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) റിമാൻഡ് ചെയ്തു.