ന്യൂഡൽഹി: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വിദേശ വിമാനക്കമ്പനികളുടെ സർവീസ് അനുവദിക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാർ തള്ളി. ആവശ്യം നിറവേറ്റാൻ ഇന്ത്യൻ കമ്പനികളുടെ സർവീസ് വർധിപ്പിക്കണമെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു.
കേരളത്തിന്റെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായ കണ്ണൂരിൽ നിന്ന് വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്താൻ അനുമതി നൽകണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാൽ ഇത് അംഗീകരിച്ചില്ല.
ഇന്ത്യൻ വിമാന കമ്പനികൾ നിലവിൽ കണ്ണൂരിൽ നിന്ന് വിദേശ സർവീസുകൾ നടത്തുന്നുണ്ട്. കൂടുതൽ ആവശ്യം വന്നു കഴിഞ്ഞാൽ സർവീസുകളുടെ എണ്ണം വർധിപ്പിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. ഇന്ത്യൻ വിമാനകമ്പനികളെ സംരക്ഷിക്കുന്നതിനാണ് ഇത്തരത്തിലൊരു നിലപാട് എടുത്തതെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം വിശദീകരിച്ചു.
കണ്ണൂരിൽ നിന്ന് കൂടുതൽ വിദേശ വിമാന കമ്പനികൾ സർവീസ് നടത്തിയാൽ യാത്രക്കാർക്ക് കൂടുതൽ ഗുണം ലഭിക്കുമെന്നായിരുന്നു കേരളത്തിന്റെ നിലപാട്. എത്തിഹാദും എമിറേറ്റ്സും പോലുള്ള കമ്പനികൾക്ക് അനുമതി നൽകണം. യൂറോപ്പിലേക്ക് കണ്ണൂരിൽ നിന്ന് കണക്ഷൻ വിമാനം വേണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു.