കണ്ണൂർ കോർപ്പറേഷൻ ഓഫീസിന് പുതിയ കെട്ടിടം ; ടെൻഡർ നടപടികൾക്ക് തുടക്കമായി


കണ്ണൂർ: - 
ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ കണ്ണൂർ കോർപ്പറേഷൻ ഓഫീസിന് പുതിയ കെട്ടിടമെന്ന സ്വപ്നം യാഥാർഥ്യമാകുന്നു. പുതിയ ആസ്ഥാനമന്ദിരം നിർമിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു.

നിലവിലുള്ള കോർപ്പറേഷൻ ഓഫീസ് വളപ്പിൽ കിഫ്ബിയിൽ ഉൾപ്പെടുത്തി 25.74 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിക്കുക.

2015-ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് പുതിയ ആസ്ഥാനമന്ദിരത്തിനായി ശിലാസ്ഥാപനം നടത്തിയത്. തുടർന്ന് കിഫ്ബിയിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ചെങ്കിലും സാങ്കേതികാനുമതിക്ക്‌ കാലതാമസം നേരിട്ടു. ഇത് പുതിയ കെട്ടിടനിർമാണം അനന്തമായി നീളുന്നതിന്‌ കാരണമായി. 

ഇപ്പോഴുള്ള കെട്ടിടത്തിന് 51 വർഷത്തെ പഴക്കം 51 വർഷം പഴക്കമുള്ള കെട്ടിടം പുതുക്കിപ്പണിയണമെന്നത് ജനങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. മുൻഭാഗം കാണാൻ ഭംഗിയുള്ളതാണെങ്കിലും കെട്ടിടത്തിന്റെ ഉൾവശത്തിരിക്കുന്നവർക്ക് ഒരു സുരക്ഷയുമുണ്ടായിരുന്നില്ല.

കോൺക്രീറ്റ് മേൽക്കൂരയായി നിർമിച്ച കെട്ടിടത്തിന്റെ ചോർച്ച തടയാൻ അലൂമിനിയം ഷീറ്റുകളാണ് വിരിച്ചിരുന്നത്.

ഓഫീസിലെത്തിയ ഗവേഷകന് കോൺക്രീറ്റ് പാളി അടർന്നുവീണ് ആഴ്ചകൾക്കുമുൻപ്‌ പരിക്കേറ്റിരുന്നു.

ഖരമാലിന്യ സംസ്കരണത്തെക്കുറിച്ചുള്ള പഠനത്തിന് ഓഫീസിലെത്തിയ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ പോസ്റ്റ് ഡോക്ടറൽ ഫെലോ തൃശ്ശൂർ അയ്യന്തോളിലെ ഡോ. ആൻറണിക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ തലയിൽ എട്ട് തുന്നൽ വേണ്ടിവന്നു.

ഉയരുക അഞ്ചുനിലകെട്ടിടം

3088 ചതുരശ്രമീറ്റർ വലിപ്പമുള്ള അഞ്ചുനിലക്കെട്ടിടമാണ് നിർമിക്കുക. ഭൂമിക്കടിയിൽ രണ്ടുനിലയും മുകളിൽ മൂന്നുനിലയും എന്ന രീതിയിലാണ് കെട്ടിടമുയരുക. ഇത് വേണമെങ്കിൽ ഭാവിയിൽ 5433 വരെ ചതുരശ്രമീറ്റർ വിസ്തൃതിയിലാക്കി ഏഴുനില വരെയാക്കാം.

തദ്ദേശസ്ഥാപനങ്ങളുടെ ആസ്തിനിർമാണത്തിന് രൂപംകൊടുത്ത ഇംപാക്ട് കേരള ലിമിറ്റഡാണ് കെട്ടിടനിർമാണത്തിനുള്ള സാങ്കേതികാനുമതി നൽകിയത്.

Previous Post Next Post