ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലേക്ക്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ സംസ്ഥാനങ്ങളിൽ തുടക്കം മുതൽ തന്നെ ബി.ജെ.പി മുന്നേറ്റം നടത്തുകയാണ്. പഞ്ചാബിൽ ചരിത്രം കുറിച്ച് ആം ആദ്മി പാർട്ടിയാണ് മുന്നിൽ. തുടക്കം മുതലേ ലീഡ് മാറിമറിഞ്ഞ ഗോവയിൽ ബിജെപി അധികാരത്തിലേറും.
യോഗി ആദിത്യനാഥിന് യു.പിയിൽ രണ്ടാമതും അധികാരത്തിലേറും. 37 കൊല്ലത്തിനു ശേഷമാണ് സംസ്ഥാനത്ത് ഒരു പാർട്ടിക്ക് തുടർഭരണം ലഭിക്കുന്നത്. ഭരണത്തിൽ അഞ്ചുവർഷം പൂർത്തിയാക്കുന്ന ആദ്യ ബി.ജെ.പി. മുഖ്യമന്ത്രി എന്ന നേട്ടത്തിനൊപ്പം സെക്കൻഡ് ഇന്നിങ്സ് എന്ന സുവർണാവസരവും യോഗിക്ക് ലഭിച്ചിരിക്കുകയാണ്. വെല്ലുവിളിയായേക്കുമെന്ന കരുതിയ മേഖലകളിലെല്ലാം വിജയത്തേരിൽ മുന്നേറുന്ന ബി.ജെ.പി. അതായിരുന്നു യു.പി. വോട്ടെണ്ണൽദിനത്തിൽനിന്നുള്ള കാഴ്ച. ഗൊരഖ്പുർ അർബൻ മണ്ഡലത്തിൽനിന്ന് ജനവിധി തേടിയ യോഗിക്ക് എസ്.പിയിലെ ശുഭവതി ശുക്ലയും കോൺഗ്രസിന്റെ ചേതന ശുക്ലയും ഒരു ഘട്ടത്തിൽ പോലും വെല്ലുവിളിയായില്ല.
ദേശീയ തലത്തിൽ കോൺഗ്രസിന്റെ പ്രഭ മങ്ങുന്ന കാഴ്ചയാണ് ഈ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. നിർണായകമായ തിരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാനാകാതെ കൈയിലുണ്ടായിരുന്ന സംസ്ഥാനങ്ങളെ കൂടി കൈവിട്ട അവസ്ഥയാണ് കോൺഗ്രസിന്റേത്. നേതൃ ദാരിദ്ര്യവും തമ്മിൽതല്ലും കോൺഗ്രസിനെ ഓരോ സംസ്ഥാനങ്ങളിൽ നിന്നും തുടച്ചു നീക്കിക്കൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് പ്രതിയോഗികളില്ലാതെ രാജ്യത്തെ ഏറ്റവും വലിയ ശക്തികളിൽ ഒന്നായ കോൺഗ്രസ് നിലവിൽ വെറും രണ്ട് സംസ്ഥാനങ്ങളിലേക്ക് മാത്രം (രാജസ്ഥാൻ, ഛത്തീസ്ഗഡ്) ചുരുങ്ങി.
പഞ്ചാബിലെ ഐതിഹാസിക വിജയത്തോടെ എ.എ.പി ദേശീയ പാർട്ടിയായി മാറിയിരിക്കുകയാണെന്ന് എ.എ.പി നേതാവ് രാഘവ് ഛദ്ദ. കോൺഗ്രസിന് പകരം രാജ്യത്തെ മുഖ്യ പ്രതിപക്ഷമായി എ.എ.പി മാറാൻ ഏറെ നാൾ വേണ്ടെന്നും രാഘവ് ഛദ്ദ പറഞ്ഞു.
2012ൽ മാത്രം സ്ഥാപിതമായ പാർട്ടിയാണ് എ.എ.പി. ബി.ജെ.പി രണ്ട് സംസ്ഥാനങ്ങളിൽ ഭരണത്തിലെത്താൻ ഇതിലും കൂടുതൽ സമയമെടുത്തിരുന്നുവെന്നും രാഘവ് ഛദ്ദ ഓർമ്മിപ്പിച്ചു.