മയ്യിൽ :- തളിപ്പറമ്പ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ക്യാമറക്കണ്ണുകൾ മിഴിതുറന്നു. 'തേർഡ് ഐ സിസിടിവി സർവയലൻസ്' പദ്ധതി മയ്യിൽ ബസ് സ്റ്റാൻഡിന് സമീപം മന്ത്രി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ് മണ്ഡലത്തിലെ ആളൊഴിഞ്ഞതും അപകട സാധ്യതകൾ കൂടിയതുമായ 80 കേന്ദ്രങ്ങളിലാണ് ക്യാമറ സ്ഥാപിച്ചത്. മാലിന്യപ്രശ്നങ്ങൾ, കുറ്റകൃത്യങ്ങൾ തടയൽ, പുഴ സംരക്ഷണം തുടങ്ങിയവ ലക്ഷ്യമിട്ടാണ് പദ്ധതി വിഭാവനം ചെയ്തത്.
ജയിംസ് മാത്യു എംഎൽഎയായിരുന്നപ്പോൾ രൂപകല്പന ചെയ്ത പദ്ധതി 1.45 കോടി രൂപ ചെലവിലാണ് യാഥാർഥ്യമാക്കിയത്. ക്യാമറകൾക്കൊപ്പം ആരോഗ്യസ്ഥാപങ്ങളായ തളിപ്പറമ്പ് താലൂക്ക് ആശുപത്രി, മയ്യിൽ സിഎച്ച്സി തുടങ്ങിയ സ്ഥലങ്ങളിൽ തെർമൽ സ്കാനർ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. മുഴുവൻ തദ്ദേശസ്ഥാപനങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടാണ് ക്യാമറകളുടെ മോണിറ്റർ സംവിധാനം ഒരുക്കിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷയായി. ജയിംസ് മാത്യു, കലക്ടർ എസ് ചന്ദ്രശേഖർ, സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോ, റൂറൽ എസ്പി പി ബി രാജീവ് മുഖ്യാതിഥികളായി. പിഡബ്ല്യുഡി ഇലക്ട്രോണിക് സെക്ഷൻ അസി. എൻജിനിയർ ടോമി തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. സി എം കൃഷ്ണൻ, ഡോ. പി സൂരജ് എന്നിവർ സംസാരിച്ചു. മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് കെ കെ റിഷ് സ്വാഗതവും ഒ പി ശിവദാസൻ നന്ദിയും പറഞ്ഞു.